തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീര ദിശയില്‍ നിന്നുള്ള മഴ മേഘങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ വരും മണിക്കൂറുകളിലും മഴ ശക്തമായി തുടരും.
കണ്ണൂര്‍ പെരിങ്ങോം, കാസര്‍കോട് വെള്ളരിക്കുണ്ട് സ്റ്റേഷനുകളില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ അതിതീവ്ര മഴയാണ് പെയ്തത്. 228 മില്ലിമീറ്റര്‍ വരെയുള്ള മഴയാണ് ഇവിടെ ലഭിച്ചത്. വടക്കന്‍ കേരളത്തില്‍ തീരദേശ മേഖലകളിലും കനത്ത ജാഗ്രത വേണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്തെ തീരദേശ മേഖലയിലാകെ 3.5 മീറ്റര്‍ മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുയരാന്‍ സാധ്യതയുണ്ട്. മധ്യ കേരളത്തിലും മഴ സാധ്യതയുണ്ട്. അതേസമയം തെക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞു.