തിരുവനന്തപുരം> സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് വന്നതോടെ ഭയപ്പാടില്‍ ജനം. നിലവില്‍ തുടരുന്ന മഴയില്‍ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് കേരളത്തിലുണ്ടായത്. മഴ തുടര്‍ന്നാല്‍ ഇത് ഇരട്ടിയാകുമെന്ന ആശങ്കയാണുണ്ടാകുന്നത്.പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ മഴയെത്തുടര്‍ന്ന് തകരാറിലായ വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല. ഇന്നലെ മരം വീണാണ് വൈദ്യുതിലൈന്‍ പൊട്ടിയത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നു കെഎസ്ഇബി അറിയിച്ചു.റാന്നിയില്‍ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. പത്ര ഏജന്റായ സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.45 ഓടെയാണ് അപകടം. പത്തനംതിട്ടയില്‍നിന്ന് പത്രം ശേഖരിച്ച് റാന്നി വഴി മല്ലപ്പള്ളിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
അതേസമയം, കൊല്ലം, എറണാകുളം ജില്ലകളില്‍ കടലാക്രമണം രൂക്ഷമായി.കോട്ടയം ഇല്ലിക്കല്‍കവലയില്‍ വെള്ളക്കെട്ട് തുടരുകയാണ്. കവലയിലെ കച്ചവടകേന്ദ്രങ്ങളെല്ലാം നിലവില്‍ വെള്ളത്തിലാണ്. മലയോരമേഖലകളില്‍നിന്ന് വെള്ളം താഴ്ന്ന പടിഞ്ഞാറന്‍ പ്രദേശങ്ങളിലെത്തുന്നതാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നതിന് കാരണം. കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാസര്‍കോട് വെള്ളരിക്കുണ്ടില്‍ പലയിടത്തും റോഡിലേക്ക് മണ്ണിടിഞ്ഞു. പാണത്തൂരിലും മണ്ണിടിച്ചിലുണ്ട്; ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. തൃശൂര്‍ രാമവര്‍മപുരത്ത് വന്മരം കടപുഴകി വീണ് നാല് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേല്‍പ്പാതയില്‍ കഴിഞ്ഞയാഴ്ച വിള്ളല്‍ രൂപപ്പെട്ടിടത്ത് വലിയ കുഴിയായി. ഈ ഭാഗത്തു പൊലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുകയാണ്.
കോഴിക്കോട് ജില്ലയില്‍ വിവിധ വില്ലേജുകളിലായി 18 വീടുകള്‍ ഭാഗികമായി തകര്‍ന്നു.കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വടകര തീരദേശത്തെ വീടുകളില്‍ വെള്ളം കയറി. ഇവിടെ നിന്നും ഏഴ് കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.കണ്ണൂരില്‍ പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ ഉയര്‍ത്തി.ആലപ്പുഴയില്‍ ചമ്പക്കുളം മാനങ്കരി ഇളംപാടത്ത് മട വീണു. സംസ്ഥാനപാതയില്‍ നെടുമ്പ്രത്ത് വെള്ളംകയറി. തിരുവല്ല തിരുമൂലപുരത്ത് എംസി റോഡിലും വെള്ളം കയറി. കാസര്‍കോട് വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി, ഗതാഗതം തടസ്സപ്പെട്ടു.