കൊച്ചി : സംസ്ഥാനത്ത് മഴക്കെടുതികൾ രൂക്ഷം. കോഴിക്കോടും വയനാടും അടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്തമഴ തുടരുകയാണ്. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള 9 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ എറണാകുളത്തും കോട്ടയത്തും നിരവധി വീടുകൾ തകർന്നു. കുറിച്ചി പുത്തൻ കോളനിയിൽ വീട് ഇടിഞ്ഞു വീണു. ശനിയാഴ്ച്ച രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. കുഞ്ഞൻകവല ശോഭാ ഷാജിയുടെ വീടാണ് ഇടിഞ്ഞുവീണത്. അപകടസമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എറണാകുളത്ത് മഴക്കെടുതിയിൽ 19 വീടുകൾ തകർന്നു. തേവക്കലിൽ മണ്ണ് ഇടിഞ്ഞു വീണ് വീട് പൂർണമായും തകർന്നു. ഇടുക്കി ജില്ലയിലും കനത്തമഴ തുടരുകയാണ്. മഴയിൽ ദേവികുളം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.