തിരുവനന്തപുരം: കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാന നഗരത്തിൽ വിവിധ മേഖലകളിൽ മഴ. വൈകുന്നേരം ആറ് മണിയോടെയാണ് തലസ്ഥാന നഗരത്തിൽ മഴ തുടങ്ങിയത്. അഞ്ച് മണിക്ക് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ തലസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ചിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ഫലിച്ചത് നഗരവാസികൾക്ക് കൊടും ചൂടിൽ നേരിയ ആശ്വാസമാണ്. നഗരത്തിൽ മാത്രമല്ല ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിനൊപ്പം കൊച്ചി, തൃശൂർ ജില്ലകളിലും വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
2024 ഏപ്രിൽ 24 & 25 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.