കല്‍പ്പറ്റ : വയനാട് ജില്ലയില്‍ മഴ കനത്തതോടെ ‘എന്‍ ഊര്’ ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള പ്രവേശനം രണ്ട് ദിവസത്തേക്ക് നിരോധിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. ചൊവ്വ, ബുധന്‍ (ജൂലൈ 12, 13) ദിവസങ്ങളില്‍ സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചത്.
പ്രതികൂല കാലാവസ്ഥ മാറുന്ന മുറക്ക് പ്രവേശനം പുനരാരംഭിക്കാനാണ് തീരുമാനം. അതിനിടെ 2018ലും 19 ലും പ്രളയക്കെടുതി അനുഭവഭിച്ച പനമരത്തെ ഇരുപുഴകളും കരകവിഞ്ഞൊഴുകി തുടങ്ങി. ശക്തമായ മഴയില്‍ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ മാത്തൂര്‍വയല്‍, അങ്ങാടിവയല്‍, കൈപ്പാട്ടുകുന്ന്, മലങ്കര, നീരട്ടാടി, കഴുക്കലോടി തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി. മഴ കനത്താല്‍ ആദിവാസി കോളനികളില്‍ ഉള്‍പ്പെടെ വെള്ളം കയറും. ഇക്കാര്യം കണക്കിലെടുത്ത് ഇവിടെയുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നടപടി അധികൃതര്‍ തുടങ്ങി.
മാത്തൂര്‍വയല്‍ പ്രദേശത്തെ കോളനികളിലെ വീടുകളില്‍ വെള്ളമെത്താന്‍ തുടങ്ങിയതിനാല്‍ സുരക്ഷിതയിടങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ മഴയില്‍ അമ്പലവയല്‍ പഞ്ചായത്തിലെ കളത്തുവയലില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. 19-ാം വാര്‍ഡിലെ വേങ്ങേരി കോളനിയിലെ രാജുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നു പോയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. 37 റിങ് ആഴമുള്ള കിണറിന്റെ ആള്‍മറയുള്‍പ്പടെ താഴ്ന്നുപോയി.
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിദ്യാലയങ്ങള്‍ക്കും കുറിച്ച്യാര്‍മല എല്‍.പി സ്‌കൂളിനും ചൊവ്വാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കുട്ടമംഗലം ഡബ്യൂ.ഒ.യു.പി.എസ്, മൂപ്പൈനാട് കാടശ്ശേരി ഓള്‍ട്ടേര്‍നേറ്റീവ് സ്‌കൂള്‍, ജിവി.എച്ച്.എസ് കരിങ്കുറ്റി, ജി.എച്ച്.എസ്.എസ് കോട്ടത്തറ, തെക്കംതറ അമ്മസഹായം സ്‌കൂള്‍, ജി.എച്ച്.എസ് മേപ്പാടി, നൂല്‍പ്പുഴ തിരുവന്നൂര്‍ അങ്കണവാടി എന്നിവക്കാണ് കലക്ടര്‍ അവധി നല്‍കിയത്. ജില്ലയിലൊട്ടാകെ ഏകദേശം 251 പേര്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയതായാണ് വിവരം.