തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് മുന്നറിയിപ്പുള്ളത്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കൂടാതെ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയാണുള്ളത്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം (Low Pressure Area ) ഒഡിഷ – വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദ്ദമായി (Well Marked Low Pressure Area) മാറിയിട്ടുണ്ട്. ഇത് വരുന്ന മണിക്കൂറുകളിൽ പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയിൽ ഒഡിഷ – ഛത്തിസ്‌ഗർ മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ (Depression) സാധ്യതയുണ്ട്.
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി ( off shore – trough ) രൂപപ്പെട്ടിരിക്കുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുമുണ്ട്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.