ഷാര്‍ജ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ശക്തമായ മഴ ലഭിച്ചു. പാറകളും മറ്റും റോഡുകളിലേക്ക് പതിച്ച് ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ ചില പ്രദേശങ്ങളില്‍ റോഡുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജയിലും റാസല്‍ഖൈമയിലുമാണ് ഇത്തരത്തില്‍ ഗതാഗത തടസമുണ്ടായത്.
റാസല്‍ഖൈമയിലെ ഖോര്‍ഫുകാന്‍ – ദഫ്ത റോഡില്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം നിര്‍ത്തിവെച്ചതായി എമിറേറ്റിലെ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പാറകള്‍ വീണ് ഗതാഗതം തടസപ്പെട്ട സ്ഥലങ്ങളില്‍ ബന്ധപ്പെട്ട അധികൃതര്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും റോഡുകള്‍ അടച്ചിട്ടിരിക്കുന്നത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നും സുരക്ഷിതമായ മറ്റ് റോഡുകള്‍ യാത്രകള്‍ക്കായി തെരഞ്ഞെടുക്കുണമെന്നും പൊലീസ് അറിയിച്ചു.ഷാര്‍ജ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയും ഖോര്‍ഫുകാന്‍ റോഡ് ഭാഗികമായി റോഡ് അടച്ചിടുന്നത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ദഫ്‍ത ബ്രിഡ്ജ് മുതല്‍ വസ്‍ഹ സ്‍ക്വയര്‍ വരെയുള്ള ഭാഗം അടച്ചിട്ടുവെന്നാണ് ഷാര്‍ജ അധികൃതരുടെ അറിയിപ്പ്. അല്‍ ദൈത് റോഡിലെയും മലീഹ റോഡിലെയും പകരമുള്ള പാതകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ചൊവ്വാഴ്ച രാവിലെ ആറ് മണി മുതല്‍ ഏഴ് മണി വരെ ദുബൈ, അബുദാബി, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളില്‍ മഴ ലഭിച്ചിരുന്നു. ഇത് തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു.