അഹമ്മദാബാദ് : തുടർച്ചയായ ശക്തമയാ മഴയിൽ വെള്ളപ്പൊക്ക ഭീഷണിയിൽ ഗുജറാത്ത്. കഴിഞ്ഞ ദിവസം ഏഴ് പേരാണ് മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത്. കനത്ത മഴയിൽ നദികളും അണക്കെട്ടുകളും കവിഞ്ഞൊഴുകിയതോടെ തെരുവുകൾ വെള്ളത്തിലായി. ഇന്നും അടുത്ത അഞ്ച് ദിവസങ്ങളിലും പല ജില്ലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇടി മിന്നലേറ്റും മതിൽ തകർന്ന് വീണും മുങ്ങിയും ജൂൺ ഒന്ന് മുതൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 63 ആയി. 9,000 പേരെ മാറ്റിപ്പാർപ്പിച്ചതായും 468 പേരെ രക്ഷപ്പെടുത്തിയതായും സംസ്ഥാന ദുരന്തനിവാരണ മന്ത്രി രാജേന്ദ്ര ത്രിവേദി പറഞ്ഞു. ഞായറാഴ്ച രാത്രി അഹമ്മദാബാദ് നഗരത്തിൽ 219 മില്ലിമീറ്റർ മഴ പെയ്തു, പല ജനവാസ മേഖലകളിലും വെള്ളം കെട്ടിനിൽക്കുകയും അണ്ടർപാസുകളിലും റോഡുകളിലും വെള്ളം കയറുകയും ചെയ്തു. തിങ്കളാഴ്ച നഗരത്തിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരുന്നു.
തെക്കൻ ഗുജറാത്തിൽ ഡാങ്, നവസാരി, താപി, വൽസാദ് ജില്ലകളെ ബാധിച്ചപ്പോൾ മധ്യ ഗുജറാത്തിലെ പഞ്ച്മഹൽ, ഛോട്ടാ ഉദേപൂർ, ഖേഡ എന്നിവയാണ് മഴ ബാധിത ജില്ലകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഗുജറാത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയെയും (എസ്ഡിആർഎഫ്) ദേശീയ ദുരന്ത നിവാരണ സേനയെയും (എൻഡിആർഎഫ്) വിന്യസിച്ചിട്ടുണ്ട്.
വൽസാദ് ജില്ലയിലെ അംബിക നദിയുടെ തീരത്ത് കുടുങ്ങിയ 16 പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ അന്വേഷിക്കുകയും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ചന്ദോദ്, ഏകതാ നഗർ സെക്ഷനുകൾക്കിടയിലുള്ള ട്രാക്കുകൾ ഒലിച്ചുപോയതിനെ തുടർന്ന് നാല് പാസഞ്ചർ ട്രെയിനുകളുടെയും ഒരു എക്സ്പ്രസ് ട്രെയിനിന്റെയും ഗതാഗതം തടസ്സപ്പെട്ടു. അവശ്യവസ്തുക്കൾ പോലും വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇപ്പോൾ. അഹമ്മദാബാദിൽ ഞായറാഴ്ച മൂന്ന് മണിക്കൂറിനുള്ളിൽ പെയ്തത് 115 മില്ലീമീറ്റർ മഴയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന റെക്കോർഡാണ് ജൂലൈയിൽ ഒറ്റ ദിവസം കൊണ്ട് സൃഷ്ടിച്ചത്. വൈകുന്നേരം ഏഴ് മണിയോടെ ആരംഭിച്ച മഴ നഗരത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും നാശം വിതച്ചു. പടിഞ്ഞാറൻ നഗര പ്രദേശങ്ങളിൽ നിരവധി ആഡംബര ബംഗ്ലാവുകളിൽ താഴത്തെ നിലയിലേക്ക് വെള്ളം കയറി