പെരിന്തൽമണ്ണ: പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ പെട്രോൾ പമ്പിന് പിറകുവശത്തെ ഉയർന്ന ഭിത്തി കനത്ത മഴയിൽ നിലം പൊത്തി മൂന്ന് വാഹനങ്ങൾ തകർന്നു. പെട്രോൾ പമ്പിനു പിറകുവശത്ത് നിർത്തിയിട്ടിരുന്ന ഒരു പിക്അപ് ലോറിയും രണ്ട് ഇരുചക്ര വാഹനങ്ങളുമാണ് മണ്ണിനടിയിൽപെട്ടത്. വാഹനങ്ങൾക്ക് മുകളിലേക്ക് ഭിത്തിയും മണ്ണും അടർന്നുവീഴുകയായിരുന്നു.
കനത്ത മഴ തുടരുകയാണെങ്കിൽ മുകൾ ഭാഗത്തെ മൂന്നു വീട്ടുകാരോട് മാറിത്താമസിക്കാൻ തഹസിൽദാർ നിർദേശിച്ചു. ബുധനാഴ്ച പുലർച്ച 2.30ഓടെയാണ് കനത്ത മഴയിൽ ഭിത്തി മണ്ണടക്കം ഇടിഞ്ഞു വീണത്. പെട്രോൾ പമ്പിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ആദ്യം അപകടം കണ്ടത്.
പെട്രോൾ പമ്പ് സ്ഥാപിക്കാൻ ഏതാനും വർഷം മുമ്പ് ഇവിടെ മണ്ണെടുത്ത് റോഡിനോട് ഒപ്പമാക്കിയിരുന്നു. അടിഭാഗം കരിങ്കൽ ഭിത്തിയും മുകളിൽ കോൺക്രീറ്റ് ബെൽറ്റിട്ട് വെട്ടുകല്ലും ഉപയോഗിച്ചാണ് 30 അടിയോളമുള്ള ഭിത്തി കെട്ടിയത്. ഒരു ഭാഗത്ത് കൂടി മഴവെള്ളം കുത്തിയൊലിച്ചുവന്നത് അപകടത്തിന് കാരണമായെന്ന് പറയുന്നു.
2019ൽ ഇതേസ്ഥലത്ത് ഭിത്തി ഇടിഞ്ഞിരുന്നു. പിന്നീട് റവന്യൂ ഉദ്യോഗസ്ഥർ ഇടപെട്ട് കലക്ടറുടെ സാന്നിധ്യത്തിൽ സംരക്ഷണ ഭിത്തി കെട്ടാൻ ഉടമയോട് നിർദേശിച്ചതാണ്. ഒന്നരവർഷം മുമ്പാണ് ഭിത്തിയുടെ നിർമാണം തുടങ്ങിയത്. പെരിന്തൽമണ്ണ തഹസിൽദാർ ശ്രീകുമാർ, വില്ലേജ് ഓഫിസർ എന്നിവർ രാവിലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.