തിരുവനന്തപുരം: കൊടുംചൂടിന് ആശ്വാസമായെത്തിയ വേനൽമഴക്ക് രൗദ്രഭാവം നൽകി ഇരട്ട ചക്രവാതച്ചുഴി രൂപംകൊണ്ടു. തെക്കൻ തീരത്ത് തമിഴ്നാടിനും വടക്കൻ കേരളത്തിന് മുകളിലുമായാണ് ചക്രവാതച്ചുഴികൾ. ഇതിനു പുറമെ, വടക്കൻ കർണാടക വരെ ന്യൂനമർദ പാത്തിയും രൂപംകൊണ്ടതോടെ അടുത്ത 72 മണിക്കൂർ വടക്കൻ കേരളത്തിലടക്കം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾ ഓറഞ്ച് അലർട്ടിലും മറ്റ് ജില്ലകൾ യെല്ലോ അലർട്ടിലുമാണ്. ബംഗാൾ ഉൾക്കടലിൽ 22ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത അഞ്ചു ദിവസംകൂടി ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം, മഴ രണ്ടാംദിനവും തുടർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ദുരിതത്തിലായി. തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളംകയറി. ഗ്രാമീണ മേഖലകളിൽ വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.