കൊച്ചി : കനത്ത മഴയെത്തുടർന്നു റെയിൽട്രാക്കിൽ വെള്ളക്കെട്ടുണ്ടായതും സിഗ്നൽ തകരാറുകളും കാരണം എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം–എറണാകുളം മെമു തൃപ്പൂണിത്തുറ വരെയേ സർവീസ് നടത്തിയുള്ളൂ. മംഗള എക്സ്പ്രസ് എറണാകുളം ടൗണിൽ സർവീസ് അവസാനിപ്പിച്ചു. പരശുറാം എറണാകുളം ടൗൺ സ്റ്റേഷൻ വഴിയാണ് ഓടുന്നത്. ദീർഘദൂര ട്രെയിനുകൾ വൈകുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
അതേസമയം, കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട്. പല ജില്ലകളിലും കനത്ത മഴയെത്തുടർന്നുള്ള ദുരിതം രൂക്ഷമാണ്. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, പൊന്മുടി, ഷോളയാര്‍, കുണ്ടള, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ എന്നീ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.