തിരുവനന്തപുരം: കേരളത്തിന്‍റെ മലയോരമേഖലയിലടക്കം പലയിടത്തും ശക്തമായ മഴ. പല ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴ ശക്തമായിരുന്നു. പത്തനംതിട്ട കുരുമ്പൻമൂഴിയിൽ കാടിനുള്ളിൽ ഉരുൾപൊട്ടി. ഇത് കാരണം കുരുമ്പൻമൂഴി കോസ് വേ മുങ്ങി. നാശനഷ്ട്ടങ്ങൾ ഒന്നും ഇല്ലെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ശക്തിയായി വെള്ളം ഒലിച്ചുവരുന്നുണ്ട്. നേരത്തെ പത്തനംതിട്ടയിൽ എരുമേലിയിലും ഉരുൾപൊട്ടിയിരുന്നു. എന്നാൽ ആളപായമടക്കം മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ശക്തമായ മഴയിൽ പാലക്കാട് മുടപ്പല്ലൂർ ടൗൺ വെള്ളത്തിൽ മുങ്ങിയെന്നതാണ് വടക്കൻ കേരളത്തിൽ നിന്നുള്ള വാർത്ത. നിർത്താതെ പെയ്ത മഴയിലാണ് മുടപ്പല്ലൂർ ടൗൺ വെള്ളത്തിൽ മുങ്ങിയത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. അടുത്തുണ്ടായിരുന്ന ചാലുകൾ വൃത്തിയാക്കാത്തത് ടൗണിൽ വെള്ളക്കെട്ട് ഉണ്ടാക്കാവൻ കാരണമെന്ന് വ്യാപാരികൾ ആരോചിച്ചു.
അതേസമയം നേരത്തെ പ്രഖ്യാപിച്ച പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള കാരണം. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2, വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 1 മുതൽ 3 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.