ചെന്നൈ: തമിഴ്നാട്ടിൽ വിവിധ ജില്ലകളിൽ കനത്ത മഴ. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മഴവെള്ളപ്പാച്ചിലിൽ വിദ്യാർഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെ (17) ആണ് കാണാതായത്.
കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. വെള്ളം കുതിച്ചെത്തിയതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികൾ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അപകടസാധ്യത മുന്നിൽക്കണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
തെക്കൻ ജില്ലകളിൽ കനത്ത മഴക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഊട്ടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതൽ 20 വരെ ഒഴിവാക്കണമെന്ന് നീലഗിരി ജില്ല കലക്ടർ എം. അരുണ അറിയിച്ചു. നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ടാണ്.
മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തെങ്കാശിയിലും സമീപ ജില്ലകളിലും അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.