മാന്നാർ: അപ്രതീക്ഷിതമായ കനത്ത കാറ്റും മഴയും കർഷകരെ ദുരിതത്തിലാക്കി. മാന്നാർ കൃഷിഭവന്റെ കീഴിലുള്ള കുരട്ടിശ്ശേരി പുഞ്ചയിൽ ഞാറ് പറിച്ച് നടാൻ വേണ്ടി പാകിയ 2 മുതൽ 15 ദിവസം വരെയായ നൂറുകണക്കിന് ഏക്കർ നിലങ്ങളിലെ വിത്തുകളും ഞാറുകളും വെള്ളത്തിൽ മുങ്ങിയതാണ് കർഷകരെ ദുരിതത്തിലാക്കിയത്. വേനൽമഴയിലും വരിനെല്ലിന്റെ അതിപ്രസരത്തിലും കഴിഞ്ഞ പുഞ്ചകൃഷി സമ്മാനിച്ച കടബാദ്ധ്യതകൾ നികത്താൻ ഇത്തവണ നേരത്തെ കൃഷി ഇറക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി വരവേ അപ്രതീക്ഷിതമായി പെയ്തിറങ്ങിയ ദുരിതത്തിൽ പകച്ചു നിൽക്കുകയാണ് കർഷകർ.
സംയുക്ത പാടശേഖര സമിതിയുടെ മാന്നാർ വട്ടപ്പണ്ടാരി മോട്ടർപ്പുര പൊളിച്ചത് പുനഃസ്ഥാപിക്കാൻ ഇതുവരെ നടപടിയായിട്ടില്ല. കാലപ്പഴക്കവും കേടുപാടുകൾ സംഭവിച്ചതു കാരണം ഈ മോട്ടർപ്പുരയിലെ ഉപകരണങ്ങൾ മാറ്റിയിട്ടും മാസങ്ങളായി. പുതിയത് സ്ഥാപിക്കാൻ എട്ടോളം വരുന്ന പാടശേഖര സമിതിയും കർഷകരും സംയുക്ത പാടശേഖര സമിതിയോട് തുടക്കത്തിലേ ആവശ്യപ്പെട്ടിരുന്നതാണ്. നാളുകളായി ആവശ്യപ്പെടുന്ന മുക്കം-വാലേൽ ബണ്ട് യാഥാർഥ്യമാകാത്തതിനാൽ സൈക്കിളിൽ പോലും സഞ്ചരിക്കാൻ കഴിയാത്ത റോഡുകളാണ് നിലവിലുള്ളത്. ഇതുവഴി പെട്ടിയുംപറയും എത്തിക്കാൻ കഴയാതെ ബുദ്ധിമുട്ടുകയാണ് ബന്ധപ്പെട്ടവർ.മോട്ടോർ പ്രവർത്തിപ്പിച്ച് പമ്പിംഗ് നടത്തിയില്ലെങ്കിൽ പാടശേഖര സമിതികളിൽ നിന്നും കൈപ്പറ്റിയ വിത്തുകളും ഞാറുകളും കൃഷി ആഫീസിൽ എത്തിച്ച് കൃഷി ഉപേക്ഷിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും കർഷകരിൽ നിന്നും കൈപ്പറ്റിയ നേർമ്മ തുക തിരികെ നൽകണമെന്നും കുട്ടശ്ശേരി പുഞ്ചയിലെ കർഷകർ ആവശ്യപ്പെടുന്നു.