കോട്ടയം: നാടിനെ ഭീതിയിലാക്കി പെരുമഴ തുടരുന്നു. മൂന്നിലവ് ടൗണിലടക്കം വെള്ളം കയറി. ജില്ലയിൽ അതിതീവ്ര മഴക്കു സാധ്യതയുള്ളതിനാൽ ബുധനാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ അതിജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു.
മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിലാറ്റിൽ ചേരിപ്പാട് ജലനിരപ്പ് അപകടനില കടന്നു. തീക്കോയിയിൽ മുന്നറിയിപ്പു നിലയിലാണ് വെള്ളം. മണിമലയാറ്റിൽ മുണ്ടക്കയത്തും ജലനിരപ്പ് അപകടനിലക്കു മുകളിലെത്തി. മുണ്ടക്കയം കോസ്‌വേ വെള്ളത്തില്‍ മുങ്ങി. മണിമലയിലും വെള്ളം ഉയരുന്നു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ പഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ കലക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.
അതിശക്തമായ മഴയുടെയും മുന്നറിയിപ്പുകളുടെയും സാഹചര്യത്തിൽ എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. മീനച്ചിൽ താലൂക്കിൽ പലയിടങ്ങളിൽ മണ്ണിടിച്ചിൽ മൂലം ഗതാഗത തടസ്സങ്ങളുണ്ട്. ഇവ നീക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ഇലവീഴാപ്പൂഞ്ചിറ വിനോദസഞ്ചാര കേന്ദ്രത്തിൽ കുടുങ്ങിയ മലയാളികളായ 25ഓളം പേരെ മേച്ചാൽ ഗവ. എൽ.പി.എസ് സ്കൂളിലേക്കും തൊട്ടടുത്ത വീടുകളിലേക്കുമായി മാറ്റി.
മേലുകാവ് സ്റ്റേഷൻ പരിധിയിലെ കാഞ്ഞിരം കവല-മേച്ചാൽ-റോഡിൽ വാളകം ഭാഗത്തും നെല്ലാപ്പാറ-മൂന്നിലവ് റോഡിൽ വെള്ളറ ഭാഗത്തും കടവ് പുഴ-മേച്ചാൽ റോഡിൽ ഭാഗത്തും മണ്ണിടിച്ചിൽ ഉണ്ടായതിനാലാണ് ഇവർക്ക് തിരികെ പോകാൻ കഴിയാതിരുന്നത്. രണ്ട് കുടുംബങ്ങളെയും സ്കൂളിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ചക്കിക്കാവ് -കൂവപ്പള്ളി വഴി ചെറിയ വാഹനങ്ങൾ കടത്തിവിടാനുള്ള ശ്രമത്തിലാണ് അധികൃതർ.
വൈദ്യുതി ലൈനുകൾ റോഡിൽ പൊട്ടിവീണും പോസ്റ്റുകൾ ഒടിഞ്ഞു നിൽക്കുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഞായറാഴ്ച വൈകീട്ടു തുടങ്ങിയ മഴയിലും മലവെള്ളപ്പാച്ചിലിലും മലയോര മേഖലയിൽ വൻ നാശനഷ്ടമാണുണ്ടായത്. റോഡുകൾ പലതും ഒഴുകിപ്പോയി. ഈ വർഷം ടാറിങ് നടത്തിയ റോഡുകളാണ് ഇടിഞ്ഞത്. വൈദ്യുതി ലൈനുകൾ തകർന്നു.