കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയും കുടുംബവുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി, ഭാര്യ, മകൾ, മകൻ എന്നിവരുമായാണ് ചർച്ച നടത്തിയത്.
ആ മുഖ്യമന്ത്രിയാണ് തന്നെ അറിയില്ലെന്ന് പറഞ്ഞത്. ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. അവസരം വരുമ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.164 പ്രകാരമുള്ള മൊഴിയിൽ ഉറച്ചുനിൽക്കുന്നു. എത്രതന്നെ കേസെടുത്താലും മൊഴിയിൽ ഉറച്ചുനിൽക്കും.
മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച സ്വപ്ന സുരേഷിനെതിരെ പാലക്കാട് കസബ പൊലീസ് കേസെടുത്തിരുന്നു. ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദിന്റെ പരാതിയിലാണ് കേസ്. സ്വപ്നയുടെ ആരോപണങ്ങൾ ക്രമസമാധാന നില തകർക്കുന്നെന്നും സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നെന്നും കൃത്രിമ രേഖകൾ ചമച്ചാണ് ആരോപണങ്ങളെന്നും പരാതിയിൽ പറയുന്നു.ക്രമസമാധാന നില ലംഘിക്കാൻ ആളുകളെ പ്രേരിപ്പിക്കാൻ വിധം വ്യാജ ഇലക്ട്രോണിക് രേഖയുണ്ടാക്കി പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്.