ചോക്ലേറ്റുകളോട് പ്രിയമുള്ളവര്‍ക്കെല്ലാം താല്‍പര്യമുള്ളൊരു ചോക്ലേറ്റാണ് കാഡ്ബറിയുടെ ഡയറി മില്‍ക്ക്. വളരെക്കാലം മുമ്പ് തന്നെ ഡയറി മില്‍ക്ക് വിപണിയില്‍ വലിയ സ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്. ഇത്രയും വര്‍ഷത്തെ പാരമ്പര്യമുള്ള വളരെ ചുരുക്കം ഉത്പന്നങ്ങളിലൊന്ന് കൂടിയാണ് ഡയറി മില്‍ക്ക്.
ഇതിനുള്ള ഒരു തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ് യുകെയില്‍ നിന്നും ഒരു സ്ത്രീ. നൂറ് വര്‍ഷം പഴക്കമുള്ള ഡയറി മില്‍ക്ക് ചോക്ലേറ്റ് ബാറിന്‍റെ കവറാണ് എമ്മ യംഗ് എന്ന അമ്പത്തിയേഴുകാരിക്ക് ലഭിച്ചിരിക്കുന്നത്. വീട് പുതുക്കിപ്പണിയുന്നതിനിടെയാണത്രേ ഇവര്‍ക്ക് ഇത്രയധികം വര്‍ഷങ്ങള്‍ പഴകിയ ചോക്ലേറ്റ് കവര്‍ ലഭിച്ചത്.
എന്നാല്‍ അത് ഈ വര്‍ഷങ്ങള്‍ക്കുള്ളില്‍ എങ്ങനെ കേട് പറ്റാതെ കിടന്നുവെന്നത് അതിശയം മാത്രമായി അവശേഷിക്കുകയാണ്. ബാത്ത്‍റൂമിലെ തറയിലെ പലകകള്‍ നീക്കം ചെയ്തപ്പോള്‍ അതിനടിയില്‍ നിന്നാണ് തനിക്കിത് കിട്ടിയതെന്ന് എമ്മ പറയുന്നു. പൊടി മൂടിക്കിടന്നിരുന്ന കാര്‍ഡ്ബോര്‍ഡുകള്‍ വൃത്തിയാക്കിയെടുത്തപ്പോള്‍ അക്കൂട്ടത്തിലായിരുന്നു പുരാതനമായ ഡയറി മില്‍ക്ക് കവറുമുണ്ടായിരുന്നത്.
കണ്ടിട്ട് ഒരുപാട് പഴക്കമുണ്ടെന്ന് തോന്നിയതിനാല്‍ തന്നെ ഇത് നഷ്ടപ്പെടുത്താതെ എമ്മ എടുത്തുവച്ചു. തുടര്‍ന്ന് ഇവര്‍ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ കമ്പനിയെ തന്നെ ഇതുമായി സമീപിച്ചു. ഇവരാണ് പരിശോധിച്ച ശേഷം ഇത് 1930നും 1934നും ഇടയില്‍ ഉത്പാദിപ്പിച്ച ചോക്ലേറ്റിന്‍റെ കവറാണെന്ന് സ്ഥിരീകരിച്ചത്.
ചോക്ലേറ്റ് കവറിന്‍റെ കാലപ്പഴക്കം മനസിലാക്കിയതോടെ എമ്മ അത്ഭുതപ്പെട്ടു. സംഭവം ഒരു ചരിത്രമാണെന്ന് തന്നെ ഇവര്‍ മനസിലാക്കി. ഇപ്പോള്‍ ഈ കവര്‍ ഫ്രെയിം ചെയ്ത് വൃത്തിയായി സൂക്ഷിക്കാനാണ് ഇവരുടെ തീരുമാനം. താനൊരു ചോക്ലേറ്റ് പ്രേമിയാണെന്നും അതിനാല്‍ തന്നെ ഈ ‘സര്‍പ്രീസ്’ തനിക്ക് ഒരുപാട് മധുരമുള്ളതാണെന്നും ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ പറഞ്ഞു. അതേസമയം അസാധാരണമായ ഈ സംഭവം തങ്ങളിലും അത്ഭുതവും സന്തോഷവും ഉണ്ടാക്കിയെന്ന് കാഡ്ബറി കമ്പനിയും അറിയിച്ചിട്ടുണ്ട്. ഏതാണ്ട് 200 വര്‍ഷത്തെ പഴക്കമാണ് കാഡ്ബറി കമ്പനിക്കുള്ളത്. ഡയറി മില്‍ക്ക് അടക്കം പല ഉത്പന്നങ്ങളും കമ്പനിയുടേതായി ഉണ്ട്.