ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 2021-നെ സ്‌നേഹപൂര്‍വ്വം ഓര്‍ക്കാന്‍ സാധ്യതയുണ്ട്. കാരണം ഈ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍, ആഗോള വാഹന വ്യവസായത്തിന് വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, ഹീറോ മോട്ടോകോര്‍പ്പിന് ഈ കലണ്ടര്‍ വര്‍ഷത്തിലെ എക്കാലത്തെയും ഉയര്‍ന്ന യൂണിറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ആഗോളതലത്തില്‍ 2.89 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഷ്യ, ആഫ്രിക്ക, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലും കരീബിയന്‍ മേഖലയിലും കഴിഞ്ഞ വര്‍ഷം ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ സാന്നിധ്യം വിപുലീകരിച്ചു. ഇത് ഇന്ത്യക്ക് പുറത്തുള്ള വിപണികളില്‍ 71% വില്‍പ്പന വര്‍ധിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചു. 2.89 ലക്ഷം എന്ന കണക്ക് ശ്രദ്ധേയമാണെങ്കിലും, 2020-ല്‍ കമ്പനി വിദേശ വിപണികളില്‍ 1.69 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു എന്ന വസ്തുതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടിയാണ് കമ്പനിയുടെ വമ്പന്‍ പ്രകടനം ശ്രദ്ധേയമാകുന്നത്.
നിലവിലുള്ള കോവിഡ് -19 പാന്‍ഡെമിക് കാരണം ആഗോള ലോജിസ്റ്റിക്സിലെയും വിതരണ ശൃംഖലയിലെയും പരിമിതികള്‍ കണക്കിലെടുക്കുമ്പോല്‍ 2021 കലണ്ടര്‍ വര്‍ഷത്തിലെ ആഗോള വിപണികളിലെ വില്‍പ്പന അളവ് കമ്പനിയുടെ പദ്ധതികള്‍ക്ക് അനുസൃതമാണെന്ന് ഹീറോ മോട്ടോര്‍ കോര്‍പ് ഗ്ലോബല്‍ ബിസിനസ് മേധാവി സഞ്ജയ് ഭാന്‍ പറഞ്ഞു. 2025-ഓടെ തങ്ങളുടെ ആഗോള ബിസിനസില്‍ നിന്ന് കമ്പനിയുടെ മൊത്തം വോള്യത്തിന്റെ 15 ശതമാനം നേടുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി. ഹീറോ മോട്ടോകോര്‍പ്പ് നിലവില്‍ 42 രാജ്യങ്ങളില്‍ സാനിധ്യം അറിയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആഗോള വിപണികള്‍ ക്രമേണ തുറക്കുന്നതില്‍ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.
വ്യക്തമായും ഇന്ത്യയിലും ഒരു പ്രബലരായ കമ്പനി ആണെങ്കിലും, താരതമ്യേന പുതിയ കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കമ്പനി ഇപ്പോള്‍ ഇവിടെ ബാറ്ററി പവറിലേക്ക് നോക്കുകയാണ്. ഇതിന്റെ ആദ്യ ഇലക്ട്രിക് ഉല്‍പ്പന്നം മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും, ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള പ്ലാന്റില്‍ ഇത് നിര്‍മ്മിക്കും.