അമൃത്സർ: പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഹെറോയിൻ കടത്താനുള്ള കള്ളക്കടത്തുകാരുടെ ശ്രമം തടഞ്ഞ് അതിർത്തി രക്ഷാ സേന. ഡ്രോണ്‍ ഉപയോഗിച്ച് ഹെറോയിൻ കടത്താൻ നടത്തിയ ശ്രമം പരാജയപ്പെടുത്തിയെന്ന് ബിഎസ്എഫ് പഞ്ചാബ് ഫ്രോണ്ടിയർ അറിയിച്ചു. ഡ്രോണിൽ 10 കിലോ ഹെറോയിൻ ഉണ്ടായിരുന്നുവെന്ന് അതിർത്തി രക്ഷാ സേന കൂട്ടിച്ചേർത്തു.
‘രാത്രി 11.15ന് സൈനികർ ഡ്രോണിന്റെ ശബ്ദം കേട്ടു. 9 തവണ വെടിയുതിർത്തു. സേനയുടെ തിരച്ചിലിനിടെ ഹെക്‌സാകോപ്റ്റർ ഡ്രോൺ കണ്ടെത്തി’- അമൃത്സർ ബിഎസ്എഫ് ഡിഐജി ഭൂപേന്ദർ സിംഗ് പറഞ്ഞു. പാക്കിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ വന്നതെന്നും സേന കൂട്ടിച്ചേർത്തു. പ്ലാസ്റ്റിക് ബാഗിൽ ഒളിപ്പിച്ച ഒമ്പത് പാക്കറ്റുകളിലാണ് ഹെറോയിൻ കണ്ടെടുത്തത്. പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ ഭരോപാൽ ഗ്രാമത്തിന് സമീപം രണ്ട് പേരെ ഐഇഡിയുമായി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവം.