സൈബർ പണം തട്ടിപ്പുകൾ ലോകമെമ്പാടും വർധിച്ചുവരികയാണ്. തട്ടിപ്പുകാർ ആളുകളെ കബളിപ്പിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടുന്ന നിരവധി സംഭവങ്ങൾ വാര്‍ത്തകളില്‍ നിറയാറുണ്ട്. എടിഎം കാർഡ് സ്കാമോ, യുപിഐ സ്കാമോ, സിം സ്വാപ്പ് സ്കാമോ ആകാം. എന്നാല്‍ കൂടുതല്‍ ആഴത്തിലുള്ളതായ തട്ടിപ്പുകളുടെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഓസ്‌ട്രേലിയയിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു തട്ടിപ്പിന്‍റെ വാര്‍ത്ത പ്രകാരം, തട്ടിപ്പുകാർ ഇപ്പോൾ ഇരകളുടെ കുടുംബാംഗങ്ങളെപ്പോലെ വേഷമിടുകയും മൊബൈൽ ഫോൺ നഷ്‌ടപ്പെടുമെന്ന വ്യാജേന പണമയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഇതു വഴി കോടികള്‍ നഷ്ടപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ഹായ് മം’ (Hi Mum) അല്ലെങ്കിൽ “കുടുംബ ആൾമാറാട്ടം” (family impersonation) എന്ന പേരിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിൽ, തട്ടിപ്പുകാർ ഇരകളെ ലക്ഷ്യമിടുന്നത് വാട്ട്‌സ്ആപ്പ് ചാറ്റിലൂടെയാണ്. അടുത്ത സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളുടെയോ പേരില്‍, തട്ടിപ്പുകാര്‍ പറ്റിക്കപ്പെടുന്ന വ്യക്തിയെ ബന്ധപ്പെടുകയും ഫോൺ നഷ്‌ടപ്പെട്ടതിനാലോ, തകരാറിലായതിനാലോ സഹായം ആവശ്യമാണെന്ന് അവരോട് പറയുകയും ചെയ്യുന്നു.
ഇരകൾ തട്ടിപ്പുകാരുടെ ചാറ്റ് വിശ്വസിച്ച് കഴിഞ്ഞാല്‍, പണം അയയ്ക്കാൻ അവരോട് ആവശ്യപ്പെടുന്നു. ഇൻഡിപെൻഡന്റിൻറെ ഒരു റിപ്പോർട്ട് അനുസരിച്ച് നിരവധി ഓസ്ട്രേലിയക്കാർ ഈ പുതിയ തട്ടിപ്പിന് ഇരയാകുകയും 7 മില്യൺ ഡോളറിലധികം (ഏകദേശം 57.84 കോടി രൂപ) നഷ്ടപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
റിപ്പോർട്ടുകൾ അനുസരിച്ച് തട്ടിപ്പ് നടത്തുന്നയാൾ ഇരകളെ വാട്ട്‌സ്ആപ്പിൽ ബന്ധപ്പെടുകയും അവരുടെ ഫോൺ നഷ്‌ടപ്പെടുകയോ കേടുവരുത്തുകയോ ചെയ്‌തതായി അവകാശപ്പെടുകയും ചെയ്യും. പുതിയ നമ്പറില്‍ നിന്നായിരിക്കും ഇത്. ഇരയുമായി അവർ വിശ്വാസം വളർത്തിയെടുത്തിയെടുക്കാന്‍ സോഷ്യൽ മീഡിയ പ്രൊഫൈലിനായി ഫോട്ടോകൾ പോലുള്ള വ്യക്തിഗത വിവരങ്ങൾ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നു. വിശ്വാസം സ്ഥാപിച്ചാല്‍ പണം ചോദിക്കുന്നു.
ഓൺലൈൻ ബാങ്കിംഗ് സേവനങ്ങള്‍ ബ്ലോക്ക് ആയതിനാല്‍ കാർഡുകൾ ബ്ലോക്ക് ആയെന്നും അതിനാലാണ് പണം ചോദിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഓസ്‌ട്രേലിയൻ കൺസ്യൂമർ ആൻഡ് കോംപറ്റീഷൻ കമ്മീഷൻ ‘ഹായ് മം’ തട്ടിപ്പുകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും 1,150-ലധികം ആളുകൾ തട്ടിപ്പിന് ഇരയായെന്നും പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ആളുകൾക്ക് ഏകദേശം 2.6 മില്യൺ ഡോളർ, ഏകദേശം 21 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.
2022ൽ മാത്രം 11,100 ഇരകളിൽ നിന്നായി 7.2 മില്യൺ ഡോളർ (57.84 കോടി രൂപ) നഷ്ടപ്പെട്ടു. 55 വയസ്സിന് മുകളിലുള്ള സ്ത്രീകളാണ് മിക്കപ്പോഴും തട്ടിപ്പിന് ഇരയായത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘ഹായ് മം’ തട്ടിപ്പുകൾ ഗണ്യമായി വർദ്ധിച്ചതിനെ തുടർന്ന്, സഹായം ആവശ്യമാണെന്ന് അവകാശപ്പെടുന്ന ഒരു കുടുംബാംഗത്തിൽ നിന്നോ സുഹൃത്തിൽ നിന്നോ ഫോൺ സന്ദേശങ്ങൾ വരുമ്പോൾ ജാഗ്രത പാലിക്കാൻ ഓസ്‌ട്രേലിയക്കാരോട് ഓസ്‌ട്രേലിയൻ കൺസ്യൂമർ ആൻഡ് കോംപറ്റീഷൻ കമ്മീഷൻ അഭ്യർത്ഥിക്കുന്നു.
ഈ കേസ് ഓസ്‌ട്രേലിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ ഇന്ത്യക്കാരും ഇതൊരു മുന്നറിയിപ്പായി എടുക്കണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൈബർ തട്ടിപ്പുകളിൽ ഗണ്യമായ വർദ്ധനവ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്തിടെ ദില്ലിയില്‍ നിന്നുള്ള ഒരു വ്യവസായിയെ കബളിപ്പിച്ച് നിരവധി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. സിം കൈമാറ്റം, ക്യുആർ കോഡ് തട്ടിപ്പുകൾ, ഫിഷിംഗ് ലിങ്കുകൾ എന്നിവയുടെ നിരവധി കേസുകൾ ഏറുകയാണ്.