ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് ബുധനാഴ്ച ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന്റെ പ്രചാരണം സജീവമായിരിക്കുന്ന സമയത്താണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയുള്ള ഹരീഷ് റാവത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ ഇപ്പോൾ ഉത്തരാഖണ്ഡിലെ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പിന്റെ സമുദ്രത്തിൽ നമുക്ക് നീന്തേണ്ടതുണ്ട്. എന്നിട്ടും സംഘടന തന്നെ അവഗണിക്കുകയാണ്. ഇത് വിചിത്രമല്ലേ. നമുക്ക് സഞ്ചരിക്കേണ്ട സമുദ്രത്തിൽ, അധികാരമുള്ളവർ നിരവധി മുതലകളെ അഴിച്ചുവിട്ടിട്ടുണ്ട്. ഞാൻ ആരെയാണോ പിന്തുടരേണ്ടത് , അവരുടെ ആളുകൾ എന്റെ കൈയും കാലും കെട്ടിയിട്ടിരിക്കുകയാണെന്ന് ഇപ്പോൾ തനിക്ക് തോന്നുകയാണെന്നാണ് ഹരീഷ് റാവത്ത് ട്വിറ്ററിൽ കുറിക്കുന്നത്. ഇനി വിശ്രമിക്കാനുള്ള സമയമായെന്നും റാവത്ത് പറഞ്ഞു.
ഗാന്ധികുടുംബവുമായി അടുത്തബന്ധമാണ് ഹരീഷ് റാവത്തിനുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ ട്വീറ്റുകൾ കോൺഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി കൊണ്ടുള്ളതാണെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്ത് കോൺഗ്രസിന്റെ ഏറ്റവും ശക്തനായ നേതാവാണ് ഹരീഷ് റാവത്ത്. എന്നിരുന്നാലും കുറച്ചുകാലമായി അദ്ദേഹം പ്രവർത്തനങ്ങളിൽ അത്ര സജീവമായിരുന്നില്ല. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് പ്രീതം സിംങുമായി സംഘടനാപരമായ വിഷയങ്ങളിൽ റാവത്തിന് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.
സംസ്ഥാനത്ത് പാർട്ടിയെ എങ്ങനെ നയിക്കണമെന്ന കാര്യത്തിൽ ഇരുവർക്കും അഭിപ്രായവ്യത്യാസമുണ്ടായിരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ദേവേന്ദ്ര യാദവ് കൂടി രംഗത്തെത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. രണ്ട് നേതാക്കളും റാവത്തിന്റെ എതിർ ചേരിയിലുള്ളവരായതിനാൽ പാർട്ടി പ്രതീക്ഷിച്ചതിന് വിപരീതമായി കാര്യങ്ങൾ.
കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷമാകുകയും മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കലാപ സൂചന നൽകുകയും ചെയ്തതോടെ പാർട്ടി ഹൈക്കമാൻഡ് ഉത്തരാഖണ്ഡിലെ ഉന്നത നേതാക്കളെ വ്യാഴാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഗണേഷ് ഗോഡിയാൽ, ദേവേന്ദ്ര യാദവ് തുടങ്ങിയ നേതാക്കൾ ഇന്നലെ യോഗം ചേർന്നിരുന്നു. ഇവരെ ഡൽഹിയിലേക്ക് വിളിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. റാവത്തും ഇന്ന് തന്നെ ഡൽഹിയിൽ എത്തുമെന്നും സൂചനയുണ്ട്. 2022ൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുന്നത് തടയാനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദേവേന്ദർ യാദവെന്ന് റാവത്തിന്റെ ഉപദേഷ്ടാവ് സുരീന്ദർ അഗർവാൾ അവകാശപ്പെട്ടതും വിവാദമായിരുന്നു.
അതേസമയം റാവത്തിനെ പരിഹസിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംങ് രംഗത്തെത്തി. റാവത്തായിരുന്നു പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി നേതാവ്. അമരീന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി പകരം ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കാൻ റാവത്ത് നിർണായക പങ്ക് വഹിച്ചിരുന്നു. നിങ്ങൾ വിതയ്ക്കുന്നത് നിങ്ങൾ കൊയ്യുന്നു! നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാ ആശംസകളും (എന്തെങ്കിലും ഉണ്ടെങ്കിൽ) നേരുന്നു റാവത്തിനെ ടാഗ് ചെയ്തുകൊണ്ട് അമരീന്ദർ പരിഹാസരൂപേണ ട്വീറ്റ് ചെയ്തു.