കൊച്ചി : തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി നിലനിൽക്കുമെന്നറിയിച്ച ഹൈക്കോടതി കേസിലെ തുടർ നടപടികൾ തടഞ്ഞു. തനിക്കെതിരെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ അന്വേഷണം നടത്താനോ കുറ്റപത്രം സമർപ്പിക്കാനോ പൊലീസിന് അവകാശമില്ലെന്നും ഇത്തരത്തിൽ സമർപ്പിക്കുന്ന കുറ്റപത്രം ഫയലിൽ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നുമാണ് ഹർജിയിൽ ആരോപിക്കുന്നത്.
തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണക്കോടതിയിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് കേസ് റദ്ധാക്കണമെന്നാവശ്യപ്പെട്ടുള്ള മന്ത്രിയുടെ ഹർജി. 2006 ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ അനന്തമായി നീളുന്നത് ഗൗരവകരമാണെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജിയിൽ സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിൽ സൂക്ഷിച്ച തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്നാണ് മന്ത്രിയ്ക്കെതിരായ കേസ്.
തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവമുണ്ടാകുന്നത്. 2006 ൽ കുറ്റപത്രം സമർപ്പിച്ചു. വർഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷന വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളിൽ എല്ലാവരും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേൽ പ്രായമുള്ളവരാണ്.