കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണി കുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ച നാൽപത് മിനിറ്റോളം നീണ്ടു നിന്നു. ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ അഡ്വ.സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയെന്ന ആരോപണം വലിയ വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും തമ്മിലുള്ള കൂടിക്കാഴ്ച വലിയ കൗതുകം സൃഷ്ടിച്ചു. എന്നാൽ സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴ കേസിൻ്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച എന്ന മാധ്യമ വാർത്തകൾ ഹൈക്കോടതി പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ നിഷേധിച്ചു. ചീഫ് ജസ്റ്റിസിൻ്റെ മകളുടെ വിവാഹം ക്ഷണിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു
അതേസമയം ജഡ്ജിമാർക്ക് കോഴ നൽകാനെന്ന പേരിൽ പണം വാങ്ങിയ സംഭവത്തിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ സൈബി ജോസ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ തുടർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണാവശ്യം.സംസ്ഥാന പൊലീസ് മേധാവിയെ എതിർകക്ഷിയാക്കിയാണ് ഹർജി. ഹർജി തിങ്കളാഴ്ച പരിഗണിക്കും. ഡിജിപി അനുമതി നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് അഡ്വ.സൈബിക്കെതിരെ കേസെടുത്തത്