മലപ്പുറം : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ സാമഗ്രികൾ ഹൈക്കോടതി തുറന്ന് പരിശോധിച്ചു. സ്പെഷ്യൽ തപാൽ വോട്ടുപെട്ടികളിൽ രണ്ടെണ്ണത്തിൽ റിട്ടേണിംഗ് ഓഫീസറുടെ ഉൾപ്പെടെ ഒപ്പില്ലെന്ന് കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതെന്ന് ഹൈക്കോടതി വിമർശിച്ചു. തെരഞ്ഞെടുപ്പിലെ ഇത്തരം സംഭവങ്ങൾ അപചയത്തിന്റെ സൂചനയെന്നും കോടതി ചൂണ്ടിക്കാട്ടി. തുറന്ന പെട്ടികൾ ഹൈക്കോടതി വീണ്ടും സീൽ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. വോട്ടുപെട്ടികൾ കാണാതായ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട് വരട്ടെയെന്ന് വ്യക്തമാക്കിയ കോടതി ഹർജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.
യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്ത് ഇടത് സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിന്റെ ഭാഗമായി തപാൽ വോട്ട് ഉള്ള പെട്ടികൾ സ്ട്രോങ്ങ് റൂമിൽ നിന്ന് ഹൈക്കോടതിയിലേക്ക് മാറ്റാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനായി സ്ട്രോങ്ങ് റൂം തുറന്നപ്പോഴാണ് തപാൽ വോട്ട് പെട്ടികളിൽ ഒന്ന് കാണാനില്ലെന്നു വ്യക്തമായത്. പിന്നീട് പെട്ടി സഹകരണ ജോയിൻ രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയിരുന്നു. 348 തപാൽ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്താണ് ഇടത് സ്വതന്ത്ര സ്ഥാനാത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയിലെത്തിയത്. 38 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ നജീബ് കാന്തപുരം വിജയിച്ചത്.