കൊച്ചി : ശബരിമലയിലേക്ക് എ ഡി ജി പി എം ആര്‍ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്രയെ വിമർശിച്ച് ഹൈക്കോടതി. സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിൽ നിന്നും അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമാണെന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അജിത് കുമാറിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. ശബരിമലയിലേക്ക് എം ആർ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്ര ചട്ടവിരുദ്ധമെന്നാണ് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നായിരുന്നു എ ഡി ജി പിയുടെ നടപടി. പോലീസിൻറെ ട്രാക്ടറിലാണ് അജിത് കുമാർ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കഴിഞ്ഞ ദിവസം ദർശനത്തിനായി പോയത്.