കൊച്ചി: തൃശ്ശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ റോഡരികിലെ പ്ലാസ്റ്റിക് ചരട് കുരുങ്ങി പരിക്കേറ്റ സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. സംഭവം ഭയാനകമാണെന്ന് പറഞ്ഞ കോടതി, തൃശൂർ കോര്‍പറേഷൻ സെക്രട്ടറി നാളെ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. ദുരന്തം ഉണ്ടാകാൻ അധികൃതർ കാത്തിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.
അനധികൃത കോടിതോരണവും ബാനറും വെക്കുന്നവർ കാറിൽ യാത്ര ചെയ്യുന്നവരാണ്. അത്തരം ആളുകൾക്ക് പ്രശ്നം ഇല്ല. സാധാരണക്കാരാണ് ഇതെല്ലാം കൊണ്ട് വലയുന്നതെന്നും കോടതി വിമര്‍ശിച്ചു. കൊച്ചിയിൽ അടക്കം വിവിധ സ്ഥലങ്ങളിൽ ഇത്തരം പ്രശ്നം ഉണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. പാതയോരത്തെ ഇത്തരം കാര്യങ്ങൾ നീക്കാൻ നിരവധി ഉത്തരവ് ഉണ്ടായിട്ടും അധികൃതര്‍ പാലിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്. ഹർജി നാളെ ഉച്ചയ്ക്ക് 1.45 ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ദിവസം, സ്കൂട്ടറില്‍ പോവുകയായിരുന്ന അഡ്വ. കുക്കു ദേവകിയുടെ കഴുത്തിലാണ് തോരണം പൊട്ടിവീണ് കുരുക്കായത്. പ്ലാസ്റ്റിക് കയര്‍ മുറുകി പരിക്കേല്‍ക്കുകയും ചെയ്തു. നിയന്ത്രിത വേഗതയിലായതിനാല്‍ വീണില്ല. തോരണം അഴിപ്പിക്കണമെന്ന് കാണിച്ച് കുക്കു കളക്ടർക്കും പൊലീസിനും പരാതി നൽകിയിരുന്നു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തോരണം നീക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. ഉച്ചയോടെ തോരണങ്ങള്‍ അഴിച്ചു മാറ്റുകയും ചെയ്തു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കെട്ടിയ കൊടിതോരണങ്ങള്‍ നീക്കിയെങ്കിലും സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പാതയോരങ്ങളില്‍ യാത്രക്കാര്‍ക്ക് തടസമായി കൊടിതോരണങ്ങള്‍ തൂക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുമ്പോഴായിരുന്നു കിസാന്‍ സഭ നിയമലംഘനം നടത്തിയത്. അതേസമയം, കോടതി ഇടപെടലിൽ സന്തോഷമുണ്ടെന്ന് അഡ്വ. കുക്കു ദേവകി പ്രതികരിച്ചു. സാധാരക്കാർക്ക് വേണ്ടിയായിരുന്നു പരാതിയുമായി മുന്നോട്ട് പോയത്. നടപടിയെടുക്കേണ്ടത് സ്ഥാനങ്ങളിലിരിക്കുന്നവരാണെന്നും കുക്കു ദേവകി പറഞ്ഞു.