കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലിപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകളിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചിൽ പൂർത്തിയായി.
പ്രോസിക്യൂഷൻ രേഖാമൂലം സമർപ്പിച്ച തർക്ക പത്രികയ്‌ക്ക് മറുപടി ഉണ്ടെങ്കിൽ പ്രതികൾക്ക് ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12ന് മുമ്പ് സമർപ്പിക്കാൻ കോടതി അനുമതി നൽകി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് അപൂർവ കേസാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ക്രിമിനൽ നിയമം ഉണ്ടാക്കുന്ന സമയത്ത് ഇതുപോലെ ഒരു കുറ്റകൃത്യം ചെയ്യുമെന്ന് നിയമം ഉണ്ടാക്കിയവർ പോലും കരുതിയിട്ടുണ്ടാവില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ ടി എ ഷാജി ചൂണ്ടിക്കാട്ടി.
പ്രതികൾക്കെതിരെ തെളിവുണ്ട്. ജാമ്യം നൽകിയാൽ പൊതുജനത്തിന് കോടതിയിൽ വിശ്വാസം നഷ്‌ടപ്പെടും. പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് ഇരയിലും സാക്ഷികളിലും ഉണ്ടാക്കാവുന്ന പ്രത്യാഘാതം കണക്കിലെടുക്കണമെന്നും ഡിജിപി ബോധിപ്പിച്ചു. ഗൂഢാലോചന നേരിട്ട് കണ്ട സാക്ഷിയുണ്ട്. അയാൾ ഡിജിറ്റൽ തെളിവും ഹാജരാക്കിയിട്ടുണ്ട്. സാക്ഷി ബാലചന്ദ്രകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു കെ പൗലോസിന് മുൻപരിചയം ഇല്ല. ഓഡിയോ ക്ലിപ്പ് കേട്ടതിന് ശേഷമാണ് തങ്ങളെ കൊല്ലാൻ ശ്രമിച്ചതായി ഉദ്യോഗസ്ഥർക്ക് മനസിലാവുന്നത്. ബാലചന്ദ്രകുമാർ സ്ഥിരതയുള്ള സാക്ഷിയാണ്. മൊഴികളിൽ വൈരുദ്ധ്യമില്ല. നല്ല പണി കൊടുക്കും എന്ന് പറയന്നതെങ്ങനെ ശാപ വാക്ക് ആകുമെന്നും ഡിജിപി ചോദിച്ചു.
ബാലചന്ദ്രകുമാറിന്റെ മൊഴി ഡിജിപി കോടതിയിൽ വായിച്ചു. ഇവന്മാരെ മൊത്തം കത്തിക്കണം എന്ന് പറഞ്ഞ മൊഴിയുണ്ട്. ശബ്‌ദ ശകലങ്ങൾ മാത്രം കുറ്റം ആകില്ല. എന്നാൽ പ്രതികളുടെ തുടർപ്രവർത്തികൾക്ക് പ്രസക്തിയുണ്ട്. ഏഴിൽ കൂടുതൽ ഫോണുകൾ അവരുടെ കൈയ്യിലുണ്ട്. ഫോണുകൾ ഒറ്റയടിക്ക് മാറ്റയത് തന്നെ ഗൂഢാലോചന വ്യക്തമാക്കുന്നുണ്ട്. ഒരു ഫോൺ ഹാജരാക്കിയിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കണ്ടെത്താൻ സാധിക്കൂ. അന്വേഷണവുമായി ഒരു തരത്തിലും പ്രതികൾ സഹകരിക്കുന്നില്ല. പ്രതികൾ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരാണ്. പ്രതികളുടെ മുൻകാല ചരിത്രവും പരിശോധിക്കണം. പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. ‘ദിലീപിന് കേസിൽ കിട്ടിയ സൗകര്യങ്ങൾ ഒരു സാധാരണകാരന് കിട്ടുമോ’ എന്നും ഡിജിപി ചോദിച്ചു.
പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം മുഴുവനും കള്ളമാണെന്ന് ദിലീപ് ആരോപിച്ചു. മൂന്നു ദിവസവും അന്വേഷണവുമായി സഹകരിച്ചു. പല ഉദ്യേഗസ്ഥർ മാറി മാറി ചോദ്യം ചെയ്‌തു. എന്നിട്ടും സഹകരിച്ചില്ലെന്നാണ് പറയുന്നത്. കുറ്റവാസനയുള്ളയാൾ നിയമത്തിന്റെ മുന്നിൽ
കുറ്റക്കാരനാവില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള മറുപടി വാദത്തിൽ ചൂണ്ടിക്കാട്ടി.
എന്തെങ്കിലും അറിയിക്കാനുണ്ടങ്കിൽ ശനിയാഴ്ച എഴുതി നൽകാൻ കോടതി നിർദേശിച്ചു.