കൊച്ചി: അസോസിയേറ്റ് പ്രഫസർ നിയമനം കുട്ടിക്കളിയല്ലെന്നും എങ്ങനെയാണ് സ്ക്രീനിങ് കമ്മിറ്റി യോഗ്യത രേഖകൾ വിലയിരുത്തിയതെന്നും ഹൈകോടതി. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി.
സർവകലാശാലയും പ്രിയ വർഗീസും നൽകിയ സത്യവാങ്മൂലത്തിൽ ഹൈകോടതി അതൃപ്തി അറിയിച്ചു. രണ്ട് സത്യവാങ്മൂലത്തിലും കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹരജിയിൽ നാളെയും വാദം കേൾക്കും.
കണ്ണൂർ സർവകലാശാലായിൽ അസോ. പ്രഫസർ നിയമനത്തിന് സർവകലാശാല തയാറാക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരിയാണ് പ്രിയ. ഇവർക്ക് അധ്യാപന പരിചയമടക്കമുള്ള മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം അധ്യാപകൻ ജോസഫ് സ്കറിയ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. അഭിമുഖത്തിൽ പങ്കെടുത്തവർക്ക് ലഭിച്ച റിസർച്ച് സ്കോര്‍ വിവാദമായിരുന്നു. രണ്ടാം റാങ്ക് ലഭിച്ച ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോര്‍ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള സി.ഗണേഷിന്റെ റിസർച്ച് സ്കോര്‍ 645. ഇന്‍റര്‍വ്യൂവില്‍ കിട്ടിയത് 28 മാർക്ക്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗീസിനാണ്. 156 മാര്‍ക്കാണ് പ്രിയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക്.