കൊച്ചി∙ കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. യാത്രക്കാരോട് ഈ രീതിയിൽ പെരുമാറിയാൽ എങ്ങനെ കെഎസ്ആർടിസിയെ ആശ്രയിക്കുമെന്ന് ചോദിച്ച കോടതി, സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി.
ചൊവ്വാഴ്ച രാവിലെ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവമുണ്ടായത്. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ ആമച്ചൽ ഗ്രീരേഷ്മയിൽ പ്രേമനനാണ് (53) മർദനമേറ്റത്. മകൾ മലയിൻകീഴ് മാധവകവി ഗവ.കോളജിൽ ബിരുദ വിദ്യാർഥിനിയായ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കി വാങ്ങാനെത്തിയതായിരുന്നു പ്രേമനന്‍. രേഷ്മയും ഒപ്പമുണ്ടായിരുന്നു.
കൺസഷൻ ലഭിക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നു കൗണ്ടറിലിരുന്ന ജീവനക്കാരൻ പറഞ്ഞു. 3 മാസം മുൻപ് കാർഡ് എടുത്തപ്പോൾ സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പ്രേമനൻ വിശദീകരിച്ചു. എന്നാൽ, സർട്ടിഫിക്കറ്റ് ഇല്ലാതെ കൺസഷൻ നൽകാനാകില്ലെന്നു ജീവനക്കാരൻ ശഠിച്ചു. തുടർന്ന് വാക്കുതകർക്കമുണ്ടാവുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ മന്ത്രി ആന്റണി രാജുവിന്റെ നിർദേശത്തെ തുടർന്ന് 4 കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.