കൊച്ചി: കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ദേശീയ പാതകളിലെ കുഴികളടയ്ക്കാന്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍എച്ച്എഐ) കേരള റീജിയനല്‍ ഓഫിസര്‍ക്കും പാലക്കാട്ടെ പ്രൊജക്ട് ഡയറക്ടര്‍ക്കുമാണ് കോടതി നിർദേശം നൽകിയത്. ഇന്ന് ഹൈക്കോടതി അവധിയായിരിക്കെ അമിക്കസ്‌ക്യൂറി വഴിയാണ് നിർദേശം നൽകിയിരിക്കുന്നത്.
റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ഹൈക്കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചിരുന്നു. നെടുമ്പാശേരിയിലെ വാർത്ത അറിഞ്ഞ അമിക്കസ്‌ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്നാണ് ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കും.
മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം (52) ആണ് മരിച്ചത്. ദേശീയപാതയിൽ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്കൂളിന് മുൻപിലുളള വലിയ കുഴയിൽ വീണാണ് അപകടം. സംഭവത്തിൽ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ദേശീയ പാതയിലെ കുഴികൾ അടയ്ക്കാത്ത കരാറുകാർക്കും അവർക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഴികൾ ഇല്ലാതാക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.