കൊച്ചി: വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി സ്റ്റേഷനിൽ ചെന്ന അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് വീണ്ടും ഹൈകോടതിയുടെ രൂക്ഷ വിമർശനം. ജോലിയിലെ സമ്മർദമാണ് തെറ്റായ രീതിയിൽ പെരുമാറാൻ കാരണമെന്നതടക്കം ചൂണ്ടിക്കാട്ടി ആരോപണവിധേയനായ മുൻ ആലത്തൂർ എസ്.ഐ വി.ആർ. റെനീഷ് സമർപ്പിച്ച സത്യവാങ്മൂലമാണ് കോടതിയുടെ വിമർശനത്തിനിടയാക്കിയത്. മുമ്പ് കേസ് പരിഗണിച്ചപ്പോഴും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊലീസുകാരനെ രൂക്ഷമായി വിമർശിച്ചിരുന്നു.
ജോലിയിലെ സമ്മർദമെന്ന് ന്യായീകരിച്ച് അതിക്രമം കാട്ടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് തൽസ്ഥാനത്ത് തുടരാൻ അവകാശമില്ല. സമ്മർദം എല്ലാ ജോലികൾക്കുമുണ്ടെന്നിരിക്കെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥന്‍റെ ഇത്തരം ന്യായീകരണങ്ങൾക്ക് അടിസ്ഥാനമില്ല. അഭിഭാഷകരോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരോടുള്ള പെരുമാറ്റം എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. പൊലീസുകാർ ഇങ്ങനെയായാൽ സമൂഹത്തിന് എങ്ങനെ നീതി ലഭിക്കും.
ജനങ്ങളോട് മര്യാദക്ക് പെരുമാറാൻ പൊലീസിന് ഇത്രയും ബുദ്ധിമുട്ടാണോ. അഭിഭാഷകനായാലും സാധാരണക്കാരനായാലും തെരുവിൽ കഴിയുന്നവരായാലും ഓരോ പൗരനെയും ബഹുമാനിക്കണം. മോശമായി പെരുമാറിയിട്ടില്ലെങ്കിൽ മാപ്പുപറഞ്ഞതെന്തിനാണ്. പൊലീസായാലും ജഡ്ജിയായാലും പദവിക്കുചേർന്ന വിധമാണ് പെരുമാറേണ്ടത്. ആ പദവികളെയാണ് ജനങ്ങൾ മാനിക്കുന്നത്. കോടതികൾ ഇഷ്ടമുള്ളത് പറയുകയും ഞങ്ങൾ തോന്നിയതു ചെയ്യുമെന്നുമുള്ള സമീപനം അംഗീകരിക്കാനാവില്ല.
കോടതി ഉത്തരവ് ലംഘിച്ചതിനാണ് കേസെടുത്തത്. കോടതിയലക്ഷ്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ താൻ ഒന്നും ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കോടതിയലക്ഷ്യ ഹരജിയിൽ നൽകേണ്ട മറുപടിയാണോ ഇത്. ഇത്തരമൊരു സത്യവാങ്മൂലം അംഗീകരിക്കാനാവില്ല. ഒന്നുകിൽ വിചാരണ നേരിടണം, അല്ലെങ്കിൽ ശരിയായ സത്യവാങ്മൂലം നൽകണം. പുതിയ സത്യവാങ്മൂലം നൽകാമെന്ന് ഉദ്യോഗസ്ഥന്‍റെ അഭിഭാഷക അറിയിച്ചതിനെ തുടർന്ന് ഹരജി വീണ്ടും മാർച്ച് ഒന്നിന് പരിഗണിക്കാൻ മാറ്റി.