കൊച്ചി: നെടുമ്പാശേരിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി. ദേശീയപാതകളിലെ കുഴികൾ അടയ്ക്കാൻ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ കേരള റീജിയണല്‍ ഓഫീസര്‍ക്കും പാലക്കാട്ടെ പ്രോജക്ട് ഡയറക്ടര്‍ക്കും കേരള ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. അമിക്കസ് ക്യൂറി വഴിയാണ് നിര്‍ദ്ദേശം നല്‍കിയത്.
ഇന്ന് ഹൈക്കോടതി പ്രവർത്തിക്കുന്ന ദിവസമല്ല. എന്നാൽ ഹാഷിമിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്ത ശ്രദ്ധയിൽ പെട്ടയുടനെ അദ്ദേഹം അമിക്കസ് ക്യൂറിക്ക് നിർദ്ദേശം നൽകിയത്. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ ഹാഷിം പിന്നാലെ വന്ന വാഹനമിടിച്ച് മരിച്ചത്. ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്. ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി. വെള്ളിയാഴ്ച രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. സമീപത്തെ കൊടും വളവിലെ ഭീമൻ കുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഹാഷിമിന്റെ സ്കൂട്ടറിന് തൊട്ടുപിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനം ഹാഷിമിന്റെ ദേഹത്ത് കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ഹാഷിം മരണമടഞ്ഞു.
ദേശീയപാതയുടെ അറ്റകുറ്റപണികൾ കൃത്യമായി നടത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന അപകട മരണമാണ് ഹാഷിമിന്റേത്. മഴക്കാലം കഴിയുന്നത് വരെ കുഴിയടക്കാൻ കരാറുകാർ കാത്ത് നിൽക്കുന്നതാണ് പ്രശ്നം. ഹൈക്കോടതി വിമർശനം വന്നപ്പോൾ ചിലയിടങ്ങളിൽ കുഴിയടച്ചെങ്കിലും ഇത് ഇനിയും പൂർത്തിയാക്കിയില്ല. ദേശീയ പാതകളിലെ സ്ഥിതിയിൽ കേന്ദ്രസർക്കാരിനെ പ്രതിഷേധമറിയിക്കുകയാണ് സംസ്ഥാന സർക്കാരിന് മുന്നിൽ ഇനിയുള്ള വഴി. ദേശീയ പാതകളിൽ പോയി സംസ്ഥാന സർക്കാരിന് കുഴിയടക്കാനാകില്ലെന്നും ഹാഷിമിന്റെ മരണത്തിന് ഇടയായ അപകടത്തിന് കാരണക്കാരായ കരാറുകാർക്ക് എതിരെ കേസെടുക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഓരോ റീച്ചിലും കരാറുകാരുടെ പേര് പ്രദർശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.