കൊച്ചി: സംസ്ഥാനത്ത് ഷവർമ വിൽക്കുന്ന കടകളിൽ നിരന്തരമായ പരിശോധനകൾ ആവശ്യമെന്ന് ഹൈക്കോടതി. ഇതിന് കൃത്യമായ മേൽനോട്ടം വേണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച കുട്ടി മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. പെൺകുട്ടിയുടെ മരണത്തിന് ശേഷം സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ ഹൈക്കോടതിയെ പത്ത് ദിവസത്തിനകം അറിയിക്കണം. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശം നൽകി. കാസർകോട് സംഭവത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയാണ് ചീഫ് ജസ്റ്റിസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
കഴിഞ്ഞ മാസമാണ് ചെറുവത്തൂർ ബസ് സ്റ്റാൻഡിലെ ഐഡിയൽ ഫുഡ് കോർണറിൽ നിന്ന് ഷവർമ കഴിച്ച ദേവനന്ദ മരിച്ചത്. ഷവർമയിലടങ്ങിയ ഷിഗെല്ലയാണ് മരണകാരണമായതെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഷവർമ മേക്കറെയും സഹായിയെയും അറസ്റ്റ് ചെയ്തു. സംസ്ഥാന വ്യാപകമായി പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പും രംഗത്തെത്തി. വിവിധ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ഷവർമ കടകളിൽ പലതും ലൈസൻസില്ലാതെയോ സുരക്ഷിതമല്ലാതെയോ ആണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. ഈ പരിശോധനകളിൽ തുടർച്ച വേണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. വിദ്യാർത്ഥിനിയുടെ മരണത്തിന് ശേഷം സംസ്ഥാനമാകെ പരിശോധനകൾ നടത്തിയതായും 115 കിലോ പഴകിയ മാംസം പിടിച്ചെടുത്തതായും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ പരിശോധനകൾ നേരത്തെ നടത്തിയിരുന്നെങ്കിൽ ദേവവന്ദയുടെ ജീവൻ രക്ഷിക്കാമായിരുന്നല്ലോ എന്ന് ചോദിച്ച കോടതി സർക്കാരിനെ വിമർശിക്കുകയും ചെയ്തു.