കൊച്ചി : മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഗുരുതരം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മാധ്യമം ബ്രോഡ് കാസ്‌റ് ലിമിറ്റഡ് ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി തള്ളിയത്തോടെ മീഡിയ വണ്‍ ചാനലിനുള്ള വിലക്ക് പ്രാബല്യത്തില്‍ വരും. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടന് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതില്‍ ഇടപെടരുത് എന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ കൈമാറിയിട്ടുണ്ട്. ചാനലിലെ ജീവനക്കാരും, കേരള പത്രവര്‍ത്തക യൂണിയനും കേസില്‍ കക്ഷി ചേരുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു.
വാര്‍ത്താവിനിമയ മന്ത്രാലയവും സ്ഥാപനവും തമ്മിലുള്ള കേസില്‍ ജീവനക്കാര്‍ക്ക് കക്ഷി ചേരാനാകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ കാലാകാലങ്ങളില്‍ പുനഃപരിശോധിക്കാറുണ്ടെന്നും ഇതനുസരിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.