കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം എംഎൽഎയ്ക്ക് അയോഗ്യത കൽപ്പിക്കാൻ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. സജി ചെറിയാനെ അയോഗ്യനാക്കി ക്വാ വാറണ്ടോ പുറപ്പെടുവിക്കണമെന്നും കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നുമായിരുന്നു രണ്ട് ഹർജികളിലെ ആവശ്യം. എന്നാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയോ എന്ന് പരിശോധിക്കാൻ കോടതിയ്ക്ക് കഴിയില്ലെന്ന് പറഞ്ഞ അഡ്വക്കറ്റ് ജനറൽ, ഹർജികൾ തള്ളണമെന്ന് ആവശ്യപ്പെട്ടു. ഹർജിയിൽ നിയമപ്രശ്നം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ എജിയ്ക്ക് നിർദ്ദേശം നൽകിയ കോടതി ഹർജികൾ ആഗസ്റ്റ് 2 ലേക്ക് മാറ്റി.
ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎൽഎ ആയി തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി ബിജുവാണ് ഹൈക്കോടതിയില്‍ ഒരു ഹർജി നല്‍കിയത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി ഹർജിക്കാരന്റെ വാദങ്ങൾ സാധൂകരിക്കുന്ന, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകാല ഉത്തരവുകൾ അനുബന്ധ രേഖകൾ എന്നിവ ഉണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാന് എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാൻ നിയമപരമായി സാധിക്കില്ലെന്നായിരുന്നു എ ജി കോടതിയെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്. മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എം എൽ എ ആയി തുടരാൻ ആകുമോ എന്നുള്ളതാണ് ഇപ്പോള്‍ പ്രധാന ചോദ്യം. ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധർ പറയുന്നു. ഏതൊരു പൗരനും പാലിക്കാൻ ബാധ്യത ഉള്ള ഭരണ ഘടനയെ അവഹേളിച്ച നടപടി അദ്ദേഹം ഇത് വരെ തള്ളത്തതും തിരിച്ചടി ആകുമെന്നാണ് അഭിപ്രായം.
എന്നാൽ മന്ത്രിയുടെയും എം എൽ എയുടെയും സത്യപ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറു വാദം. മന്ത്രിയെ ഗവർണ്ണർ നിയമിക്കുമ്പോൾ എംഎൽഎയെ ജനം തെരെഞ്ഞെടുക്കുന്നു. എംഎൽഎയെ അയോഗ്യനാകാൻ ഭരണ ഘടനയുടെ 191 ആം അനുച്ഛേദം പറയുന്ന കാര്യങ്ങളിൽ നിലവിലെ വിവാദ നടപടി ഉൾപ്പെടുന്നില്ല എന്നും വാദം ഉണ്ട്. പക്ഷെ ഭരണ ഘടന തന്നെ ആണ് തള്ളിയത് എന്നതാണ് പ്രശ്‍നം. കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടർ നടപടിയും സജിയുടെ കാര്യത്തിൽ നിർണ്ണായകമാണ്.