കൊച്ചി: സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി. സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലെ 144,145 പാരഗ്രാഫുകളാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് സിംഗിൾ ബെഞ്ചിൻ്റെ നിർദേശമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. ചാൻസലറായ ഗവർണർ നിയമിച്ച സിസ തോമസിന് വിസി സ്ഥാനത്ത് തുടരാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാരിൻ്റെ അപ്പീൽ ഹർജിയും ഹൈക്കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു.
സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിന് ആണെന്ന് യുജിസി ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. ഇതോടെയാണ് സെർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗിൾ ബെഞ്ച് നിർദേശം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.