കൊച്ചി : അമ്മയുടെ കാര്യങ്ങൾ നോക്കാത്ത മകൻ മനുഷ്യനല്ലെന്ന് ഹൈക്കോടതി. 100 വയസായ അമ്മയ്ക്കു മാസം 2000 രൂപ വീതം ജീവനാംശം നൽകണമെന്ന കൊല്ലം കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മകൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ്, കൊല്ലം കുടുംബ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 92 വയസ്സായ അമ്മയ്ക്ക് മാസം 2000 രൂപ നൽകണമെന്നതായിരുന്നു, കുടുംബ കോടതി വിധി. ഇപ്പോൾ അമ്മയ്ക്ക് 100 വയസ്സായി. കോടതി ഉത്തരവ് പാലിക്കാത്ത മകനെതിരെ ജപ്തി നടപടികൾ തുടങ്ങിയപ്പോഴാണ് മകൻ ഹൈക്കോടതിയെ സമീപിച്ചത്.
അമ്മയുടെ പിന്നിൽ, ഗൂഢ താല്പര്യത്തോടെ മറ്റൊരു സഹോദരൻ ആണെന്നും അതിനാൽ കുടുംബ കോടതി വിധി റദ്ദാക്കണം എന്നതുമായിരുന്നു ആവശ്യം. കടുത്ത വിമർശനങ്ങളുമായി കോടതി ആവശ്യം തള്ളി. നൂറു വയസ്സായ അമ്മയ്ക്ക് 2000 രൂപ നൽകണമെന്ന് പോലും ഭാരമായി കരുതുന്ന ഒരു മകൻ അത്തരമൊരു സമൂഹത്തിൽ അംഗമായതിൽ അങ്ങേയറ്റം ലജ്ജിക്കുന്നു എന്നും കോടതി വിമർശിച്ചു. മറ്റു മക്കൾ ഉള്ളതിനാൽ താൻ ജീവനാംശം നൽകേണ്ടതില്ല എന്ന വാദവും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ തള്ളി. പ്രായമായ സ്വന്തം അമ്മയെ പരിപാലിക്കാത്ത ഒരാൾ മനുഷ്യനല്ലെന്ന് കോടതി വിമർശിച്ചു.