കൊച്ചി: കേരള , മഹാത്മാഗാന്ധി സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ ഹൈക്കോടതി തടഞ്ഞു. കൊവിഡ് ബാധ ചൂണ്ടിക്കാണിച്ചുള്ള എൻഎസ്എസിൻ്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മതിയായ അധ്യാപകർ ഇല്ലെന്നും പരീക്ഷ കാരണം രോഗബാധ കൂടുന്നു എന്നും കാണിച്ചായിരുന്നു ഹർജി. കോടതി ഉത്തരവിന് പിന്നാലെ എം ജി സർവകലാശാല പരീക്ഷകൾ മാറ്റി.
മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേ സമയം , കൊവിഡ് തീവ്ര വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കണ്ണൂരിൽ ജില്ല കളക്ടറുടെ നിർദ്ദേശം പോലും മറികടന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തി കണ്ണൂർ സർവ്വകലാശാല. നൂറിലേറെ ക്യാംപസുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 90 ശതമനാത്തിലേറെ കോളേജുകളിലും എസ്എസ്ഫ്ഐക്കാണ് വൻ വിജയമുണ്ടായത്.
20 പേരിലധികം കൂടി നിൽക്കരുതെന്ന കർശന വിലക്കുണ്ടായിട്ടും കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി കോളേജുകളിൽ നൂറിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത ആഹ്ളാദ പ്രകടനങ്ങളുണ്ടായി. ബി കാറ്റഗറിയായ കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നെങ്കിലും സർവ്വകലാശാല പോളിങ്ങുമായി മുന്നോട്ട് പോവുകയായിരുന്നു.