കൊച്ചി∙ സിനിമ ഓൺലൈൻ റിവ്യൂവിനെതിരായ ഹർജികൾ ഹൈക്കോടതി പരിഗണിക്കുന്നു. സിനിമ റിവ്യൂവിനായി പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കി സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ സമർപ്പിച്ചു. അപകീർത്തികരമായ രീതിയിലോ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയോ റിവ്യൂ നൽകിയാൽ കേസെടുക്കാനാണ് തീരുമാനം.
അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുമ്പോഴും, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന രീതി തുടർന്നുപോകാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് എന്താണു ചെയ്യാനാകുക എന്ന് കോടതി ചോദിച്ചു. ഇതിനു മറുപടിയായാണ് പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കിയതായി പൊലീസ് മേധാവി അറിയിച്ചത്.
അപകീർത്തികരമായ രീതിയിൽ സൈബർ കേസിന്റെ സ്വഭാവത്തിൽ എന്തെങ്കിലും സംഭവിച്ചാൽ പൊലീസിന് ഇടപെടാനാകും. പക്ഷേ, അത്തരമൊരു രീതിയില്ല ഇപ്പോൾ കണ്ടുവരുന്നത്. മാത്രമല്ല, കമന്റുകളിൽ അധികവും വരുന്നത് വ്യാജ ഐഡികളിൽ നിന്നാണ്. അത്തരം ഘട്ടങ്ങളിൽ ഇടപെടുന്നതിനു പൊലീസിനു പരിമിതിയുണ്ട്. വ്യാജ ഐഡിയിൽനിന്ന് റിവ്യൂ നൽകുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്നാണ് അമിക്കസ് ക്യൂറിയും കോടതിയെ അറിയിച്ചു.
അതേസമയം, നെഗറ്റീവ് റിവ്യൂ അല്ല പ്രശ്നമെന്നും പണം ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തിയും നെഗറ്റീവ് റിവ്യൂ ഉണ്ടാക്കുന്നവരെയാണ് എതിർക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യക്തിപരമായി സൈബർ സ്വഭാവത്തിൽ പരാതി ലഭിച്ചാൽ കേസെടുത്ത് മുന്നോട്ടു പോകാനാകുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
വ്ലോഗർമാർ നെഗറ്റീവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെ ഉൾപ്പടെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ മുബീൻ റൗഫാണ് കോടതിയെ സമീപിച്ചത്. അതേസമയം ഹൈക്കോടതി ഹർജി പരിഗണിക്കുന്നതിനിടെ, സിനിമ റിവ്യൂ ബോംബിങ്ങിൽ കൊച്ചി സിറ്റി പൊലീസ് ആദ്യ കേസ് റജിസ്റ്റർ ചെയ്ത വാർത്തയും പുറത്തുവരുന്നുണ്ട്.