കൊച്ചി: മൂന്നാറിൽ വ്യാജ പട്ടയം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ കടുത്ത നിലപാടുമായി ഹൈക്കോടതി. 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വഷണത്തിന് ഉത്തരവിടേണ്ടി വരുമെന്ന് ഹൈക്കോടതി. വ്യാജ പട്ടയം നൽകിയതിൽ സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന രാജൻ മഡേക്കർ റിപ്പോർട്ട് കോടതിക്ക് കൈമാറി.വ്യാജ പട്ടയം സംബന്ധിച്ച കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെങ്കിൽ അതിനുള്ള കാരണം സർക്കാർ അറിയിക്കണമെന്ന് ഡിവിഷൻ ബഞ്ച് നിർദേശം നൽകി. രവീന്ദ്രൻ പട്ടയങ്ങളിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച നിരീക്ഷിച്ചിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയമിക്കുമെന്ന് ഡിജിപി കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. അത് മോണിറ്റർ ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കും.
മൂന്നാറിൽ മാത്രമല്ല വാഗമണ്ണിലും കയ്യേറ്റമുണ്ടെന്നായിരുന്നു നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി നിരീക്ഷിച്ചത്. 42 പട്ടയ കേസുകളിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സർക്കാരിനോട് കോടതി പറഞ്ഞിരുന്നു. ഈ വ്യാജ പട്ടയങ്ങളിൽ എന്ത് നടപടി സ്വീകരിച്ചുനെന്ന് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ അവിടെ കൈയ്യേറ്റം നടക്കില്ലെന്നും കോടതി നിരീക്ഷിച്ചു.