ദില്ലി : ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) വിളിച്ച ഉന്നതതല യോഗം ഇന്ന് ദില്ലിയിൽ ചേരും. ലഫ്. ഗവർണർ മനോജ് സിൻഹയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. കൂടുതൽ സൈനികരെ കശ്മീരിൽ വിന്യസിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്നലെ മാത്രം രണ്ട് ഇതര സംസ്ഥാനക്കാരാണ് കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ബീഹാർ സ്വദേശിയാണ്. ഇതോടെ എട്ട് ദിവസത്തിനിടെ കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4 ആയി. ഇതിനിടെ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകങ്ങളിൽ കേന്ദ്ര സർക്കാരിന് വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നു.
ബിജെപി കശ്മീരിനെ അധികാരത്തിലേക്കുള്ള ഗോവണിയായി മാത്രമാണ് കണ്ടതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. സാധാരണക്കാരായ ജനങ്ങൾ ദിവസേനെ കശ്മീരിൽ കൊല്ലപ്പെടുകയാണ്. കശ്മീർ പണ്ഡിറ്റുകൾ പാലായനം ചെയ്യപ്പെടുകയാണ്. അവരെ സംരക്ഷിക്കേണ്ടവർ പക്ഷേ സിനിമയുടെ പ്രമോഷന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി ഇടപെടൽ നടത്തണമെന്നും പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.