ന്യൂഡല്‍ഹി: ഔഷധസസ്യങ്ങളിലും സുഗന്ധദ്രവ്യങ്ങളിലും ഉയര്‍ന്ന കീടനാശിനിയുടെ അളവ് അനുവദിച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്‌എഐ). പരമാവധി ഉപയോഗിക്കാവുന്ന കീടനാശിനി അളവിന്റെ കാര്യത്തില്‍ (എംആര്‍എല്‍എസ്) ഏറ്റവും കര്‍ശനമായ മാനദണ്ഡങ്ങളാണ് ഇന്ത്യ പാലിക്കുന്നതെന്നും കീടനാശിനികളുടെ എംആര്‍എല്‍ വ്യത്യസ്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത രീതിയിലാണ് നിശ്ചയിച്ചിട്ടുള്ളതെന്നും എഫ്എസ്എസ്‌എഐ പറഞ്ഞു.
1968-ലെ കീടനാശിനി നിയമപ്രകാരം സ്ഥാപിതമായ സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡും രജിസ്‌ട്രേഷന്‍ കമ്മിറ്റിയും മുഖേന ഇന്ത്യയിലെ കീടനാശിനികള്‍ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണെന്നും എഫ്എസ്എസ്‌എഐ വ്യക്തമാക്കി.
രണ്ട് പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ സാമ്പിളുകളില്‍ കീടനാശിനിയായ എഥിലീന്‍ ഓക്‌സൈഡിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോങ്കോങ് ഫുഡ് റെഗുലേറ്റര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
കൂടാതെ, എവറസ്റ്റ് ബ്രാന്‍ഡിന്റെ സുഗന്ധവ്യഞ്ജന ഉല്‍പ്പന്നം സിംഗപ്പൂര്‍ ഫുഡ് റെഗുലേറ്റര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഈ ഉല്‍പ്പന്നങ്ങളില്‍ അര്‍ബുദമുണ്ടാക്കുന്ന എഥിലീന്‍ ഓക്‌സൈഡ് എന്ന രാസവസ്തു കണ്ടെത്തിയെന്നാരോപിച്ചായിരുന്നു ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.