തിരുവനന്തപുരം > ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകേസുകളുടെ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഹൈറിച്ച് തട്ടിപ്പിനെതിരെ ഇഡിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് നിലവിലുള്ളത്.
മണിചെയിൻ മാർക്കറ്റിങ്ങിലൂടെ നിക്ഷേപകരിൽനിന്ന് 3000 കോടി രൂപയിലേറെ തട്ടിയെടുത്തെന്നാണ് ഹൈറിച്ച് കമ്പനി ഉടമകളായ ചേർപ്പ് സ്വദേശി കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കെതിരെയുള്ള കേസ്. 1.63 ലക്ഷം നിക്ഷേപകരിൽനിന്ന് 1630 കോടി തട്ടിയെടുത്തുവെന്നാണ് സംസ്ഥാന പൊലീസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിത്. എന്നാൽ, അതിന്റെ ഇരട്ടി തുക മറ്റുപലരിൽനിന്നും തട്ടിയെടുത്തതായി വിവരങ്ങൾ പുറത്തുവന്നു. മൂവായിരം കോടിയിലേറെ തട്ടിയെടുത്തുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.
ജിഎസ്‌ടി വെട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തൃശൂർ ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഇവർ ഹവാല ഇടപാടിലൂടെ 100 കോടിയിലേറെ രൂപ വിദേശത്തേക്ക് കടത്തിയതിനാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് ബിസിനസിന്റെ മറവിൽ 1,157 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിന്റെ അന്വേഷണത്തിനിടെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ അനുബന്ധസ്ഥാപനം ദുബായിൽ രജിസ്റ്റർ ചെയ്തതായും അന്വേഷകസംഘം കണ്ടെത്തിയിരുന്നു.