ദില്ലി: അഞ്ചുനില കെട്ടിടത്തിന് തീപിടിച്ചതിന് പിന്നാലെ രക്ഷപ്പെടാനായി മൂന്ന് വയസ്സുകാരിയായ മകളെ ബ്ലാങ്കറ്റിൽ പൊതിഞ്ഞ് താഴേക്കെറിഞ്ഞ് പിതാവ്. തൊട്ടുപിന്നാലെ, ഭാര്യയും 12കാരനായ മകനുമൊത്ത് ഇയാൾ താഴേക്ക് ചാടുകയും ചെയ്തു. കിഴക്കൻ ദില്ലിയിലെ ലക്ഷ്മി നഗറിലെ ഷകർപൂർ പ്രദേശത്താണ് ദാരുണ സംഭവം. പരിക്കേറ്റ നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. 40കാരനായ കമൽ തിവാരിയാണ് തീപിടുത്തത്തിൽ നിന്ന് കുടുംബത്തെ രക്ഷിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനാണ് കെട്ടിടത്തിന് തീപിടിച്ചത്.
മൂന്ന് വയസ്സികാരിയായ മകളെ കമൽ പുതപ്പിൽ പൊതിഞ്ഞ് രണ്ടാം നിലയിലെ ബാൽക്കണിയിൽ താഴേക്കെറിഞ്ഞ് പിന്നാലെ ഇയാളും ചാടി. ഭാര്യ പ്രിയങ്ക (36), 12 വയസ്സുകാരനായ മകനോടൊപ്പവും താഴേക്ക് ചാടി. മൂന്ന് പേർ ഐസിയുവിൽ ചികിത്സയിലാണ്. ഉറങ്ങുകയായിരുന്ന വീട്ടുകാർ പുക കണ്ടപ്പോൾ കെട്ടിടത്തിന് തീപിടിച്ചതായി മനസ്സിലാക്കി. അതിനിടെ പ്രവേശന കവാടം പൂർണമായും കത്തി നശിച്ചു. രക്ഷപ്പെടാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതായപ്പോഴാണ് ബാൽക്കണിയിൽ നിന്ന് ചാടിയത്. പ്രിയങ്ക അരമണിക്കൂറോളം റിയിലും വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ 12കാരനാണ് കെട്ടിടത്തിൽ നിന്ന് ചാടാൻ നിർദേശിച്ചത്.
കമലിന് ഒന്നിലധികം ഒടിവുകൾ സംഭവിച്ചു. ഇളയ കുട്ടി ആന്തരിക രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലാണ്. പ്രിയങ്കയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലാണ്. മൂവരെയും കൈലാഷ് ദീപക് ആശുപത്രിയിലേക്ക് മാറ്റി.
പാർക്കിംഗ് ഏരിയയിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് കെട്ടിടത്തിന് തീപിടിച്ചത്. അപകടത്തിൽ 40 വയസ്സുള്ള സ്ത്രീയുടെ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. നിരവധി കുടുംബങ്ങൾ ബാൽക്കണിയിൽ നിന്ന് ചാടിയാണ് രക്ഷപ്പെട്ടത്. പലർക്കും പരിക്കേറ്റു. പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കുന്നതിൽ വൈദ്യുതി വിതരണ കമ്പനി (ഡിസ്കോം) വൈകിയതായി നാട്ടുകാർ ആരോപിച്ചു.