ശരീരത്തില്‍ വച്ച് പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്.ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം കഠിനമായ വേദന അനുഭവപ്പെടും. നീർക്കെട്ടും വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം.
പെരുവിരലിൽ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലേക്കും വ്യാപിക്കാം. ഇതാണ് ഗൗട്ട്. യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം. ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം.
യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും, ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ്, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ തുടങ്ങിയവാണ് യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍.
യൂറിക് ആസിഡിന്‍റെ കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍…
ഒന്ന്…
ചെറിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ ചെറി പഴങ്ങള്‍ കൃത്യമായ ഇടവേളകളിലായി ദിവസവും മിതമായ അളവിൽ കഴിക്കാം. ചെറി ജ്യൂസായും കുടിക്കാം.
രണ്ട്…
നേന്ത്രപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഡയറ്റില്‍ ഉറപ്പായും നേന്ത്രപ്പഴം ഉള്‍പ്പെടുത്തണം.
മൂന്ന്…
ഫാറ്റ് കുറഞ്ഞ യോഗര്‍ട്ടും യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
നാല്…
ഓറഞ്ച്, നാരങ്ങ തുടങ്ങിയ ‘സിട്രസ്’ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങളും യൂറിക് ആസിഡ് ശമിപ്പിക്കാന്‍ സഹായിക്കുന്നു.
അഞ്ച്…
മുട്ടയും യൂറിക് ആസിഡ് നില സ്ഥിരപ്പെടുത്താന്‍ ഉത്തമമാണ്.
ആറ്…
ആപ്പിളാണ് ഈ അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
ഏഴ്…
ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നതും യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എട്ട്…
പാല്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡി അടങ്ങിയ ഇവയും യൂറിക് ആസിഡിന്റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.