ന്യൂഡൽഹി : എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും സ്കൂളുകൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാവണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തിൽ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇതാദ്യമായാണ് അമിത് ഷാ ഹിജാബ് വിഷയത്തിൽ പ്രതികരിക്കുന്നത്. ‘രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോടതി വിധി മാനിക്കാൻ എല്ലാവരും തയ്യാറാവണം. സ്കൂളുകൾ നിർദേശിക്കുന്ന വസ്ത്രം എല്ലാ മതത്തിൽപ്പെട്ടവരും ധരിക്കാൻ തയ്യാറാവണമെന്നാണ് വ്യക്തിപരമായ അഭിപ്രായം’, അമിത് ഷാ പറഞ്ഞു. ഹിജാബ് വിഷയത്തിൽ കർണാടക സർക്കാരും സമാനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്.
കർണാടക ഹൈക്കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബി.ജെപി ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.