ബെംഗളൂരു : കർണാടകയിലെ ശിവമൊഗ്ഗയിൽ ബജ്റങ്ദൾ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉണ്ടായ കലാപസമാനമായ അവസ്ഥയ്ക്കു പ്രാദേശിക ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസ്ഥാന സർക്കാർ. വിലാപയാത്രയ്ക്ക് അനുമതി നൽകിയ തീരുമാനം ഉചിതമായില്ലെന്നും ഏതു സാഹചര്യത്തിലാണ് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയെന്ന് അറിയില്ലെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
അയ്യായിരത്തിലേറെ ആളുകളാണ് തിങ്കളാഴ്ച മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയിൽ പങ്കെടുത്തത്. ഇത്തരമൊരു സാഹചര്യത്തിൽ വിലാപയാത്രയ്ക്ക് അനുമതി നൽകരുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് ഹർഷ (26) എന്ന തയ്യൽ തൊഴിലാളിയെ ഒരു സംഘം അക്രമികൾ വെട്ടിക്കൊന്നത്. ഇതിനു പിന്നാലെ തിങ്കളാഴ്ച ശിവമോഗ്ഗയിൽ നടന്ന സംഘർഷത്തിൽ ഇരുപതോളം പേർക്കു പരുക്കേൽക്കുകയും അൻപതോളം വാഹനങ്ങൾ അക്രമികൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ കല്ലേറുമുണ്ടായി. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേക്കു നിറയൊഴിച്ചു. ഹിന്ദുത്വ സംഘടനകളാണ് നഗരത്തിൽ അക്രമം അഴിച്ചു വിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു.
കൊലയ്ക്കു ഹിജാബ് വിവാദവുമായി ബന്ധമില്ലെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തിങ്കളാഴ്ച അറിയിച്ചെങ്കിലും ഇന്ന് നിലപാട് മാറ്റി. ഹിജാബ് വിവാദമടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും ഹിജാബ് വിവാദത്തിനു പിന്നിൽ പ്രവർത്തിച്ച മുസ്‌ലിം സംഘടനകളെ നിരീക്ഷിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹിജാബിനെതിരെ സംസാരിച്ചതിനാണു ഹർഷയെ കൊലപ്പെടുത്തിയതെന്ന് ബിജെപിയും ഹിന്ദു സംഘടനകളും ആരോപിക്കുന്നു.
‘മുസ്‌ലിം ഗുണ്ടകളാണ്’ ഹർഷയുടെ കൊലപാതകത്തിനു പിന്നിലെന്നു ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പ കുറ്റപ്പെടുത്തിയതു വിവാദമായിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ ത്രിവർണ പതാകയ്ക്കു പകരം കാവിപതാക വരുമെന്നും ഗുണ്ടായിസം ഞങ്ങൾ അനുവദിക്കില്ലെന്നുമുള്ള ഈശ്വരപ്പയുടെ പ്രസ്താവനയ്ക്കെതിരെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ അടക്കമുള്ളവർ പ്രതിഷേധമറിയിച്ചു. തുടർച്ചയായി പ്രകോപന പ്രസ്താവനകൾ നടത്തുന്ന ഈശ്വരപ്പയെ മന്ത്രിസ്ഥാനത്തുനിന്നു പുറത്താക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ മുസ്‍ലിം സംഘടനകൾക്കും കോൺഗ്രസിനും ബന്ധമുണ്ടെന്ന ആരോപണം പോലീസ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. എന്നാൽ തന്റെ മകനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുസ്‌ലിം തീവ്രസംഘടനകളാണെന്ന് ആരോപിച്ച് ഹർഷയുടെ അമ്മ പദ്മ ശിവമൊഗ്ഗ പോലീസിൽ പരാതി നൽകി. മകനെതിരെ ചിലയാളുകൾ വധഭീഷണി മുഴക്കിയതായും പദ്മ പറഞ്ഞു. പരാതിയിൽ ശിവമോഗ്ഗ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ കസ്റ്റഡിയിലെടുത്തെന്നും മൂന്നു പേരെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു. പൂർവവൈരാഗ്യം മൂലം 5 പേർ ചേർന്നു ഹർഷയെ വധിച്ചതാണെന്നും ഇരു കൂട്ടരുടെയും ക്രിമിനൽ പശ്ചാത്തലത്തിന് ഇതിൽ പങ്കുണ്ടെന്നും പോലീസ് പറയുന്നു.