ദില്ലി: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെ സി വേണുഗോപാൽ എംപി. പ്രത്യേക പാക്കേജും അനുവദിക്കണം. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഇതിൽ രാഷ്ട്രീയം കലർത്താതെ യോജിച്ച് നിൽക്കണം. രാഷ്ട്രീയം കലർത്താൻ ശ്രമിച്ചാൽ അവർക്ക് തന്നെ ദോഷമാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, ഹിൻഡൻബർഗ് വിവാദം ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കും. സെബി ചെയർപേഴ്സണ് എതിരെ ആരോപണം ഉയർന്നിട്ടും അവർ എങ്ങനെ കസേരയിൽ തുടരുന്നുവെന്നും കെ സി ചോഗിച്ചു. സുപ്രീംകോടതിയിൽ പോലും കാര്യങ്ങൾ മറച്ചുവച്ചു. നടപടിയെടുക്കേണ്ടത് സുപ്രീംകോടതിയാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണങ്ങളിൽ ഒന്നായി ഇതു മാറുകയാണ്. വിഷയം തിരിച്ചുവിടാൻ രാഹുൽ ഗാന്ധിക്കെതിരെ ഇഡി അന്വേഷണത്തിനാണ് നീക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം മിണ്ടുന്നില്ല. രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം, സെബി ചെയര്‍പേഴ്സൺ മാധബി ബുച്ചിനെതിരെ വീണ്ടും ഹിൻഡൻ ബർഗ് രംഗത്ത് വന്നിരുന്നു. ഏത് അന്വേഷണത്തെയും നേരിടാൻ മാധബി തയ്യാറാകുമോയെന്നും സിംഗപൂർ കമ്പനി ഇടപാട് നടത്തിയവരുടെ വിവരങ്ങൾ പുറത്ത് വിടുമോയെന്നുമാണ് ചോദ്യം. റിപ്പോർട്ടിൽ ഉന്നയിച്ച വാദങ്ങളെ പലതും മാധബിയുടെ വിശദീകരണം സാധൂകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.
അദാനിക്ക് പങ്കാളിത്തമുള്ള നിഴൽകമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്. സെബി ചെയര്‍ പേഴ്സണിനെ കുരുക്കുകയും അതു വഴി അദാനിയെ തന്നെ വീണ്ടും വെളിച്ചത്ത് കൊണ്ടുവരികയുമാണ് ഹിന്‍ഡന്‍ ബർഗിന്റെ രണ്ടാമത്തെ അന്വേഷണ റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിനെതിരെ സെബി അന്വേഷണം നടക്കുമ്പോള്‍ ഗ്രൂപ്പുമായി ബന്ധമുള്ള നിഴല്‍ കമ്പനികളില്‍ സെബി ചെയര്‍ പേഴ്സൺ മാധബി ബൂച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്.












