ബംഗളൂരു: കർണാടകയിലെ സ്ഥിരതമാസക്കാരായ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി വൻഹിറ്റാണ്. ദിവസേന ലക്ഷക്കണക്കിന് സ്ത്രീകളാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. തിരിച്ചറിയൽ കാർഡുകൾ കാണിച്ചാൽ കണ്ടക്ടർ സ്ത്രീകൾക്ക് പൂജ്യം രേഖപ്പെടുത്തിയ ടിക്കറ്റ് നൽകുകയാണ് ചെയ്യുന്നത്. അപ്പോഴാണ് വീരഭദ്രയ്യ മാത്തപെട്ടി എന്നയാൾക്ക് ഒരു ബുദ്ധിയുദിച്ചത്. സ്ത്രീകൾ ഉപയോഗിക്കുന്ന പർദയും ബുർഖയും ധരിച്ച് ബസിൽ കയറുക തന്നെ. അപ്പോൾ ടിക്കറ്റില്ലാതെ സൗജന്യയാത്ര നടത്താം.
ബംഗളൂരിലെ ബസ്സ്റ്റാന്റിൽ ഇത്തരത്തിൽ വസ്ത്രം ധരിച്ച് വീരഭദ്രയ്യ ബസിനായി കാത്തിരുന്നു. എന്നാൽ സംഗതി പിഴച്ചു. യാത്രക്കാരായ ചിലർക്ക് സംശയം തോന്നി ചോദ്യം ചെയ്തു. ഭിക്ഷ യാചിക്കാനായാണ് വസ്ത്രം മാറിയതെന്നാണ് ആദ്യം ഇയാൾ പറഞ്ഞത്. പിന്നീടാണ് ബസിൽ സൗജന്യയാത്ര തരപ്പെടുത്താനായാണ് സ്ത്രീവേഷം ധരിച്ചതെന്ന് ഇയാൾ സമ്മതിച്ചത്. ഇയാളുടെ കൈവശം വേറൊരു സ്ത്രീയുടെ ആധാർ കാർഡും ഉണ്ടായിരുന്നു. ഏതായാലും ഇയാൾ ബസ്സ്റ്റാന്റിലുള്ളവരോട് സംസാരിക്കുന്ന ദൃശ്യങ്ങൾ വൈറലാണ്.