ഹൈദരാബാദ്: അമ്മ മരിച്ചപ്പോൾ സംസ്കാരം നടത്തുന്നതിനെ ചൊല്ലി വ്യത്യസ്ത മതവിഭാഗക്കാരായ സഹോദരങ്ങൾ തമ്മിൽ വഴക്കിട്ടു. ഒടുവിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. അമ്മയെ സംസ്കരിക്കുന്നത് സംബന്ധിച്ചായിരുന്നു മുസ്‍ലിമായ മകളും ഹിന്ദുമതക്കാരനായ മകനും തമ്മിൽ വഴക്കിട്ടത്.
ഹൈദരാബാദിലെ മടന്നപേട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവരമറിഞ്ഞ് നിരവധിയാളുകളാണ് തടിച്ചുകൂടിയത്. ദാരാബ് ജങ് കോളനിയിലെ 95 കാരിയാണ് മരിച്ചത്. ഇവരുടെ മകനും പേരക്കുട്ടികളും ഛാദർഗഡിലാണ് കഴിഞ്ഞിരുന്നത്. 20 വർഷം മുമ്പ് ഇസ്‍ലാം മതം സ്വീകരിച്ചതാണ് അമ്മയുടെ മകൾ. 12 വർഷമായി അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും അമ്മ ഇസ്‍ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ മതാചാരമനുസരിച്ച് സംസ്കരിക്കണമെന്നുമാണ് മകൾ വാദിച്ചത്. അമ്മയുടെ ആഗ്രഹവും അതാണെന്ന് 60 കാരിയായ മകൾ പറഞ്ഞു.
”12 വർഷമായി ഞാൻ അമ്മയെ സംരക്ഷിക്കുന്നു. മറ്റാരും അവരെ തിരിഞ്ഞുനോക്കിയിട്ടു പോലുമില്ല. അടുത്തിടെ അവർക്ക് അഞ്ചു ലക്ഷം രൂപയുടെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. അതിനും ആരും സഹായിച്ചില്ല. ഇസ്‍ലാംമതാചാര പ്രകാരം സംസ്കാരം നടത്തണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം.”-മകൾ പറഞ്ഞു. എന്നാൽ ഇതിനെ മകനും കുടുംബവും എതിർക്കുകയായിരുന്നു. ഒടുവിൽ പൊലീസ് എത്തി മകളുടെ ആഗ്രഹമനുസരിച്ച് അവരുടെ വീട്ടിൽ അന്ത്യകർമങ്ങൾ നടത്തി. പിന്നീട് മൃതദേഹം ഹിന്ദു ആചാരപ്രകാരം സംസ്കരിക്കാൻ മകനും കുടുംബത്തിനും വിട്ടുകൊടുത്തു.
പ്രശ്നം പരിഹരിക്കാൻ രണ്ടുമണിക്കൂറോളമാണ് പൊലീസ് ഇരു കുടുംബാംഗങ്ങളുമായി ചർച്ച നടത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് വൃദ്ധ മരിച്ചത്. അവരുടെ രണ്ട് ആൺമക്കൾ ജീവിച്ചിരിപ്പില്ല. മകൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഈ വർഷം ജനുവരിയിലാണ് വൃദ്ധമാതാവ് ഇസ്‍ലാം മതം സ്വീകരിച്ചത്. അതിന്റെ വിഡിയോ ദൃശ്യങ്ങൾ യുവതി പൊലീസിനെ കാണിച്ചിരുന്നു.